ജീവിതം ദുരിതം; വിരമിച്ച തോട്ടം തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കുന്നു
text_fieldsതൊടുപുഴ: തേയിലത്തോട്ടങ്ങളിൽ വർഷങ്ങളോളം ജോലിയെടുത്ത് വിരമിച്ചവരും പിരിഞ്ഞുപോയവരുമായ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു.
തോട്ടങ്ങളിൽ മഞ്ഞും മഴയും വെയിലുമേറ്റ് കഠിനാധ്വാനം ചെയ്ത തൊഴിലാളികളോടാണ് മാനേജ്മെന്റുകളുടെ അവഗണന. തോട്ടം പ്രതിസന്ധിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല എസ്റ്റേറ്റ് ഉടമകളും ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. ജില്ലയിൽ വിവിധ തേയിലത്തോട്ടങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം ലഭിക്കാനുണ്ടെന്നാണ് കണക്ക്. ഒട്ടേറെ തൊഴിലാളികൾ ജോലിയുടെ ഫലയായി ലഭിച്ച രോഗങ്ങൾ പേറി മൺമറഞ്ഞു.
ഇവരുടെ ആശ്രിതർക്കും ആനുകൂല്യം ലഭിക്കുന്നില്ല. രോഗികളായി കിടപ്പിലായവരും ഗ്രാറ്റുവിറ്റി ലഭിക്കാത്തവരിൽ ഉൾപ്പെടും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങ്ങളിലാണ് ഇപ്പോഴും തൊഴിലാളികൾ ദുരിത ജിവിതം നയിക്കുന്നത്. ആനൂകൂല്യം ലഭിക്കാത്തതിനാലാണ് തൊഴിലാളികൾ ഇപ്പോഴും തകർന്ന ലയങ്ങളിൽ തന്നെ കഴിയുന്നത്.
വാഗമണ് എം.എം.ജെ പ്ലാന്റേഷൻ, പീരുമേട് ടീ കമ്പനി, ബഥേൽ എസ്റ്റേറ്റ്, ചിന്നാർ എസ്റ്റേറ്റ്, ഹെലിബറിയ എസ്റ്റേറ്റ്, പോപ്സണ് കമ്പനി, എ.വി.ജെ കമ്പനി തുടങ്ങി വിവിധ തോട്ടങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്. വിരമിച്ചവർക്ക് 45 ദിവസത്തിനുള്ളിലും സ്വമേധയാ പിരിഞ്ഞുപോകുന്നവർക്ക് 90 ദിവസത്തിനുള്ളിലും ആനുകൂല്യം നൽകണമെന്നാണ് നിബന്ധന.
വിരമിക്കൽ ആനുകൂല്യത്തിന് പുറമേ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന ചികിത്സാസഹായം അടക്കം ആനുകൂല്യങ്ങളും ഇപ്പോൾ ലഭിക്കുന്നില്ല.
അതിനിടെ തൊഴിലാളികൾക്ക് ആനുകൂല്യം നൽകാനായി തോട്ടം മുറിച്ച് വിൽപ്പന നടത്തുകയും തോട്ടത്തിലുള്ള വൻമരങ്ങൾ വിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും എസ്റ്റേറ്റ് മാനേജ്മെന്റുകൾ ആനൂകൂല്യം നൽകാൻ തയാറായിട്ടില്ലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ഉൽപാദന ചെലവ് പതിന്മടങ്ങായതോടെ തേയില വ്യവസായം നഷ്ടത്തിലായതാണ് ആനുകൂല്യങ്ങൾ നൽകുന്നതിന് തടസ്സമായതെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.