വിവരാവകാശം; നിയമത്തിലെ പഴുതുപയോഗിച്ച് ഉദ്യോഗസ്ഥർ തടിതപ്പുന്നു
text_fieldsതൊടുപുഴ: വിവരാവകാശനിയമത്തിലെ പഴുതുപയോഗിച്ച്, വിവരങ്ങൾ നല്‍കുന്നതില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഒഴിവാകുന്നതായി ആക്ഷേപം. 2005 ജൂണിൽ ആണ് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്.
ഈ നിയമത്തിൻ കീഴിൽ അപേക്ഷകന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടിയും ഇയാൾ ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട രേഖകളും നല്‍കണം. എന്നാല്‍ ഇതിന് വിരുദ്ധമായ നടപടിയാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്. വിവരം ലഭ്യമല്ല എന്ന ഒറ്റ വക്കിൽ മറുപടി നല്കി ഫയലുകൾ തെരയുന്ന ജോലിയിൽ നിന്ന് ഒഴിവാകുകയാണ് പല വകുപ്പിലെയും ഉദ്യോഗസ്ഥർ.
അടുത്ത നാളിൽ മോട്ടോർ വാഹനവകുപ്പിലെ പഴയകാല ബസുകളുടെ പെർമിറ്റ് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശിയും തൊമ്മൻകുത്ത് സ്വദേശിയും നൽകിയ അപേക്ഷയിൽ വിവരം ലഭ്യമല്ല എന്ന മറുപടി കിട്ടി. ഇത് കൂടാതെ മറ്റു പല വകുപ്പുകളിൽ നിന്നും വിവരങ്ങൾ നൽകാതെ ഇത്തരം മറുപടികൾ നൽകുന്നത് പതിവാണ്.
ഇതോടെ വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെടുന്ന 2005ന് മുമ്പുള്ള വിവരങ്ങളാണ് ഇത്തരത്തിൽ വിവരം ലഭ്യമല്ല എന്ന ഒറ്റവാക്കിൽ മറുപടി നല്കി ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത്.
വിവരാവകാശ നിയമ പ്രകാരം നൽകുന്ന വിവരം ലഭ്യമല്ല എന്ന മറുപടിയിൽ ആവശ്യപ്പെട്ട രേഖകൾ എന്ന് നശിപ്പിച്ചെന്നോ ഏത് ഉത്തരവ് പ്രകാരം നശിപ്പിച്ചെന്നോ ഉള്ള വെളിപ്പെടുത്തലുകളും ഇല്ല. നിർബന്ധമായും സൂക്ഷിക്കേണ്ട റോഡ് രജിസ്റ്ററുകളും എല്ല വകുപ്പുകളിലെയും സ്ഥായിയായ രജിസ്റ്ററുകളും നശിപ്പിക്കാൻ പാടില്ല. ഇവ സംബന്ധിച്ച ചോദ്യങ്ങൾക്ക് പോലും വിവരം ലഭ്യമല്ല എന്ന മറുപടിയാണ് കിട്ടുന്നത്.
വിവരാവകാശനിയമ നിയമത്തിൽ 20 വർഷം വരെ പഴക്കമുള്ള ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകണമെന്നും അതിന് മുമ്പുള്ളവ ലഭ്യമായാൽ നൽകിയാൽ മതിയെന്നും പരാമർശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ വകുപ്പ് എട്ട് ഒന്നിൽ പറയുന്നവ ഒഴികെ ഒഴികെ ഇരുപത് വർഷം കഴിഞ്ഞാലും നൽകണമെന്നാണ് നിയമം. ഫയലുകളോ രേഖകളോ നശിപ്പിക്കണമെങ്കിൽ പ്രത്യേക ഉത്തരവ് വാങ്ങി പട്ടിക തയ്യാറാക്കണം. ഇതിൽ നിർബന്ധമായി സൂക്ഷിക്കേണ്ട രേഖകളുടെ പകർപ്പും വിശദാംശങ്ങളും ഉൾപ്പെടുന്നുമില്ലെന്നും ഉറപ്പാക്കണം. ഇത്തരം രേഖകളുടെ വിവരങ്ങൾ നൽകാതെ വിവരം ലഭ്യമല്ല എന്ന മറുപടി നൽകുന്നത് നിയമവിരുദ്ധമാണെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.