റോഡിൽ പൊലിഞ്ഞ് ജീവനുകൾ...
text_fieldsതൊടുപുഴ: ജില്ലയിലെ നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. മൂന്ന് മാസത്തിനിടെ 13 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കാണിത്. ഏപ്രിലിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ചത് ഒരു കുട്ടിയുൾപ്പെടെ നാല് പേരാണ്.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇതുവരെ ജില്ലയിൽ വാഹനാപകട മരണങ്ങളിലെ വർധനവാണ് ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളുടെ അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇടുക്കിയുടെ ഭൂ പ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യത കൂട്ടുന്നു.
മാർച്ചിൽ മാങ്കുളത്തെ നടുക്കിയ അപകടത്തിൽ ഒരു കുഞ്ഞടക്കം മൂന്നു പേരാണ് മരിച്ചത്. മാങ്കുളത്തിന്റെ മനോഹാരിത ആശ്വസിച്ച് മടങ്ങിയ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ആനക്കുളത്തിനടുത്ത് പേമരം വളവിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരു വയസുള്ള കുഞ്ഞടക്കമാണ് മരിച്ചത്. വാൻ ക്രാഷ് ബാരിയർ തകർത്ത് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രണ്ട് ദിവസം മുൻപ് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ എഴുവയസുകാരിയും അമ്മയും മരിച്ചു. 15 പേര്‍ക്കാണ് പരിക്കേറ്റത്. തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു 21 അംഗ സംഘം. ഞായറാഴ്ച രാത്രി കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു പേരാണ് മരിച്ചത്.
കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ ഇടുക്കിയിലെ റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. ഹൈറേഞ്ചിലെ റോഡുകൾക്ക് ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളിൽപ്പോലും വേണ്ടത്ര അപകടസൂചനാ ബോർഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വാഹന ഡ്രൈവർമാർക്ക് പലപ്പോഴും ഹൈഞ്ചേിലെ റോഡുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഹൈറേഞ്ച് മേഖലകളിലുൾപ്പെടെ പലയിടത്തും റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡിലെ ഇത്തരത്തിലുള്ള വൻ കുഴികളിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. ചിലയിടങ്ങളിൽ കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് കാടും മരച്ചില്ലകളും മറ്റും വളർന്നു നിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. റോഡുകളുടെ അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്കു വഴിതെളിക്കുന്നതായി ആരോപണമുണ്ട്. ശരാശരി ഒരു മാസം ചെറുതും വലുതുമായ അൻപതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.