വകുപ്പുകൾ തമ്മിൽ തർക്കം: റോഡ് നിർമാണം നിലച്ചു; ദുരിതം പേറി ജനം
text_fieldsതൊടുപുഴ: കാരിക്കോട്-തെക്കുംഭാഗം റോഡ് നിർമാണം വകുപ്പുകൾ തമ്മിലെ തർക്കത്തെ തുടർന്ന് നിലച്ചു. റോഡിൽ പല ഭാഗത്തും പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനും റോഡരികിൽ ഉയർന്ന് ശരിയായി താഴ്ത്താതെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനും ജല അതോറിറ്റി തയാറാകാത്തതാണ് പ്രധാന പ്രശ്നമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. കൂടാതെ റോഡരികിൽ തടസ്സമായി നിൽക്കുന്ന അഞ്ച് വൈദ്യുതി പോസ്റ്റുകൾ അരികിലേക്ക് മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബി തയാറാകുന്നില്ല. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് ജല അതോറിറ്റിയിൽ നാലുലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അടച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇത് മാറ്റാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇതേത്തുടർന്നാണ് റോഡ് നിർമാണം നിർത്തിവെച്ചത്.
പൈപ്പിന്റെ തകരാർ പരിഹരിക്കാതെ ഇനിയുള്ള ജോലികൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് ഇവർ പറയുന്നത്. റോഡ് നവീകരണത്തിനായി നാലുമാസം മുമ്പ് ജോലികൾ ആരംഭിച്ചതാണ്. ഇതിനായി റോഡിന്റെ ഭൂരിഭാഗവും കുത്തിപ്പൊളിച്ചിട്ടിരിക്കുന്നു. റോഡിന്റെ അരിക് കെട്ടും കലുങ്ക് നിർമാണവും പൂർത്തിയാക്കി. ഇനി മെറ്റൽ വിരിക്കണമെങ്കിൽ റോഡിലെ പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും നീക്കണം. പോസ്റ്റുകൾ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് പോലും കൊടുക്കാൻ കെ.എസ്.ഇ.ബി തയാറായിട്ടില്ല. ഈ മാസത്തോടെ ടാറിങ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച നിർമാണം എങ്ങുമെത്താത്ത നിലയിലാണ്. മഴകൂടി ആരംഭിച്ചതോടെ വഴി ഉയർത്താൻ മണ്ണിട്ട ഭാഗം ഇപ്പോൾ വലിയ കിടങ്ങായി മാറിയിരിക്കുകയാണ്. മൂന്നാഴ്ച മുമ്പ് ഇതുസംബന്ധിച്ച് പി.ജെ. ജോസഫ് എം.എൽ.എ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചെങ്കിലും ജല അതോറിറ്റി, പൊതുമരാമത്ത് അധികൃതർ മാത്രമാണ് പങ്കെടുത്തത്. അന്ന് പൈപ്പ് മാറ്റാൻ ഉടൻ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം നിർത്തിയത്. പ്രതിഷേധം ശക്തമായതോടെ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. അതിനിടെ റോഡ് നിർമാണത്തിന് തടസം സൃഷ്ടിക്കുന്ന ജല അതോറിറ്റി അധികൃതർക്കെതിരെ സമരം ആരംഭിക്കുമെന്ന് സി.പി.എം നേതാക്കളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.