ഉരുൾപൊട്ടൽ; ശാന്തൻപാറയിൽ 18 ലക്ഷത്തിന്റെ കൃഷി നാശം
text_fieldsതൊടുപുഴ: ഒരാഴ്ചക്കിടെ ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഉണ്ടായത് വ്യാപക കൃഷിനാശം. ശാന്തൻപാറ മേഖലയിൽ മാത്രം 18,20,750 രൂപയുടെ വിളനാശം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ഒരാഴ്ച മുമ്പ് ശാന്തൻപാറ പേത്തട്ടിയിൽ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പേത്തൊട്ടി, ദളം, അയ്യൻപാറ മേഖലയിലെ 50 ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്. നൂറോളം കൃഷിക്കാരുടെ വിളകളാണ് ഉരുൾകൊണ്ടുപോയത്.
ശാന്തൻപാറയിൽ 15 ഹെക്ടറിലെ ഏലകൃഷി മുഴുവനായി ഉരുൾകൊണ്ടുപോയി. 10,50,000 രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. പൂപ്പാറയിൽ ഒരു ഹെക്ടറോളം ഏലകൃഷി കനത്ത മഴയെത്തുർന്ന് നശിച്ചു. ഇത് കൂടാതെ ശാന്തൻപാറയിലെ 10 ഹെക്ടറിലെ കൃഷികൂടി മണ്ണിടിച്ചിലിൽ നശിച്ചു. ഉടുമ്പൻചോല, കാന്തിപ്പാറ എന്നിവിടങ്ങളിലും കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടിന് മന്നാംകണ്ടത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 250ഓളം വാഴകൾ നശിച്ചു. കരുണാപുരത്ത് തെങ്ങ്, കുരുമുളക് എന്നിവയും മഴയെത്തുടർന്ന് നശിച്ചു.
53 കർഷകർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി
ശാന്തൻപാറയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷി നശിച്ച 53 കർഷകർ കൃഷി വകുപ്പിന് നഷ്ട പരിഹാരത്തിന് അപേക്ഷ നൽകി. നൂറോളം പേരുടെ 27 ഹെക്ടറോളം പ്രദേശത്ത് കൃഷിയാണ് നശിച്ചിരിക്കുന്നത്. മണ്ണ് പൂർണമായും ഒലിച്ചുപോയതിനാൽ 11 ഹെക്ടറിലധികം കൃഷി യോഗ്യമല്ലാതായി. ചില കർഷകരുടെ ഉണങ്ങി സൂക്ഷിച്ച ഏലക്കയും നഷ്ടമായിട്ടുണ്ട്. നാശമുണ്ടായിടങ്ങളിൽ കൃഷി വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ സി. അമ്പിളിയുടെ നേതൃത്വത്തിൽ സംഘം സന്ദർശനം നടത്തി.
സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർക്കും കലക്ടർക്കും റിപ്പോർട്ട് നൽകുമെന്ന് അധികൃതർ പറഞ്ഞു. രണ്ട് ഹെക്ടർ വരെയുള്ള കൃഷിയിടം പൂർണമായി നഷ്ടമായ കർഷകർക്ക് ഹെക്ടറിന് പരമാവധി 47,000 രൂപ വരെയാണ് നഷ്ടപരിഹാരം. എന്നാൽ, തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ദുരിത ബാധിതർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ശാന്തൻപാറ പഞ്ചായത്ത് സർക്കാറിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം, ജില്ലയിൽ വിവിധ മേഖലകളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരമായി ഒന്നരക്കോടി ഇനിയും നൽകാനുണ്ട്. 6.34 കോടിയുടെ കൃഷി നാശമാണ് ഉണ്ടായത്. ഇതിൽ 5.03ഉം വിതരണം ചെയ്തു. അവശേഷിക്കുന്നതാണ് 1.30 കോടി. നഷ്ടം സംഭവിച്ചവർക്ക് എത്രയും വേഗം തുക നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.