ഇറക്കുമതി: റബർ വില കുറയുന്നു; കർഷകർക്ക് ആശങ്ക
text_fieldsതൊടുപുഴ: റബര്‍ വില തുടര്‍ച്ചയായി കുറയുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ഒരുമാസം മുമ്പുവരെ വ്യാപാരികള്‍ 250 രൂപക്കാണ് റബര്‍ എടുത്തിരുന്നത്. ഇപ്പോഴത്തെ വിലയാകട്ടെ 190 രൂപ. അടിക്കടി വില കുറയുന്നതിനാല്‍ ചെറുകിട വ്യാപാരികളില്‍ പലരും റബര്‍ വാങ്ങാന്‍ തന്നെ മടിക്കുകയാണ്. രാജ്യാന്തര വിലയും കൂപ്പുകുത്തുന്നു. ബാങ്കോക് വില 222 രൂപയായി കുറഞ്ഞു.
വിദേശത്തുനിന്ന് വന്‍തോതില്‍ ഇറക്കുമതി നടന്നതാണ് ആഭ്യന്തര വില കുറയാൻ കാരണം. ടയർ കമ്പനികള്‍ ആവശ്യത്തിന് റബര്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കമ്പനികള്‍ വിപണിയില്‍ താല്പര്യം കാണിക്കുന്നില്ല. ടയർ കമ്പനികള്‍ കിട്ടിയ അവസരത്തില്‍ ആവശ്യത്തിന് റബര്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. കണ്ടെയ്നര്‍ ക്ഷാമകാലത്ത് ഇറക്കുമതി പാടേ നിലച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കമ്പനികള്‍ ജാഗ്രത പുലര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ വില 180 രൂപയാകുമെന്നാണ് സൂചന. പലിശക്ക് പണം വാങ്ങി റബര്‍തോട്ടം പാട്ടത്തിനെടുത്തവര്‍ ഉള്‍പ്പെടെ ഇതോടെ സമ്മര്‍ദത്തിലാണ്. വില ഇടിയുന്നത് തടയാന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഭക്ഷ്യ എണ്ണയുടെ തീരുവ വര്‍ധിപ്പിച്ച് നാളികേര കര്‍ഷകരെ സഹായിച്ചതുപോലെ റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. താങ്ങുവില വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
180 രൂപയാണ് റബറിന്റെ നിലവിലെ താങ്ങുവില. താങ്ങുവില 230 രൂപയെങ്കിലും ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 2024ലെ സംസ്ഥാന സാമ്പത്തിക സര്‍വേ പ്രകാരം സംസ്ഥാനത്ത് 5.50 ലക്ഷം ഹെക്ടറിലാണ് റബർ കൃഷി. 5.99 ലക്ഷം ടണ്ണാണ് ഉൽപ്പാദനം. 9.5 ലക്ഷത്തോളം റബര്‍ കര്‍ഷകരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.