ഓട്ടത്തിനിടെ വാഹനത്തിന് തീ; അപകടങ്ങൾ ആവർത്തിക്കുന്നു
text_fieldsതൊടുപുഴ: ഓട്ടത്തിനിടെ വാഹനത്തിന് തീപിടിച്ചുള്ള അപകടങ്ങൾ ജില്ലയിൽ ആവർത്തിക്കുന്നു. ചൊവ്വാഴ്ച രാത്രി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറക്കും ചീയപ്പാറക്കും ഇടയിൽ കാർ കത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാർക്ക് പരിക്കില്ല. ഹൈറേഞ്ച് മേഖലകളിലാണ് ജില്ലയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തത്. നെടുങ്കണ്ടം തേർഡ്ക്യാമ്പിൽ 2023 ജൂൺ 18നു ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഉടമക്ക് പൊള്ളലേറ്റിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് നെടുങ്കണ്ടം അഗ്നിരക്ഷാസേന പറഞ്ഞിരുന്നു.
2023 ഫെബ്രുവരി ആറിനാണ് മറയൂർ ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതിപഠന ക്യാമ്പിന് വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചിരുന്നു. ബസിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള അധ്യാപകർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉടൻ വാഹനം നിർത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. മൂന്നാറിൽ 2023 ജനുവരി രണ്ടിന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം റേഞ്ച് ഓഫിസിനു സമീപം വിനോദസഞ്ചാരത്തിനെത്തിയ ആറംഗസംഘം സഞ്ചരിച്ച കാറും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് കത്തിയത് എന്നാണ് അഗ്നിരക്ഷാസേനയുടെ റിപ്പോർട്ട്. ഏറെ പഴക്കംചെന്ന വാഹനമായിരുന്നു കത്തിനശിച്ചത്.
അതേദിവസം തന്നെയാണ് കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ കുട്ടിക്കാനം മരിയൻ കോളജിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. പുക ഉയരുന്നതുകണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ വെളിയിലിറക്കിയതിനാൽ അപകടം ഒഴിവായി. ഈ കേസുകളിലെല്ലാം ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.