ശബരി റെയിൽപാത; കേന്ദ്ര നിലപാടിൽ തകരുമോ മലനാടിന്റെ സ്വപ്നം...
text_fieldsതൊടുപുഴ: ദീർഘകാലമായി കേരളം കാണുന്ന സ്വപ്നമാണ് ശബരി റെയിൽപാത. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പ ഭക്തർക്ക് ശബരിമലയിലേക്കുള്ള യാത്രക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുത്താം എന്നതിനാൽ വിശേഷിച്ചും. ശബരിമലയുടെ കവാടമായ എരുമേലിയിലേക്ക് റെയിൽപാതയെന്ന സ്വപ്നം യാഥാർഥ്യമായാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ വികസനത്തിന്റെ പുതു വെളിച്ചം എത്തുകയും ചെയ്യും.
ഇടുക്കിയുടെ മണ്ണിൽ ട്രെയിൻ ചൂളംവിളി എത്തുമെന്നതും ആഹ്ലാദം. റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത മലയോര മേഖലകളിൽ 14 റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് അങ്കമാലി-എരുമേലി പാത. വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റം വരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇപ്പോൾ ശബരി പാതക്കുള്ളതെന്നതു വികസനം കൊതിക്കുന്ന സംസ്ഥാനത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. ഇതോടൊപ്പം എരുമേലിയിലെ വിമാനത്താവളം കൂടി യാഥാർഥ്യമായാൽ, ദൂരദേശങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്കും കേരളത്തിനാകെയും ഏറെ പ്രയോജനകരമാവും. വർഷങ്ങൾ കാത്തിരുന്നിട്ടും ഉറപ്പിന്റെ പച്ചവെളിച്ചം അങ്കമാലി-എരുമേലി ശബരി പാതയിൽ തെളിയുന്നില്ല എന്നതാണ് നിർഭാഗ്യകരം.
അതിനിടെയാണ് ചെങ്ങന്നൂർ-പമ്പ പാതക്ക് വഴിയൊരുക്കി കേന്ദ്രം, നിർദിഷ്ട ശബരി പാതയെ തഴയുന്ന സമീപനം അടുത്തനാളിൽ സ്വീകരിച്ചത്. പദ്ധതി ചെലവിലെ സംസ്ഥാന വിഹിതം സംബന്ധിച്ച അനിശ്ചിതത്വമാണ് ശബരി പാതക്ക് തടസ്സം.
ശബരിപാത പ്രഖ്യാപിച്ചത് 1997-98 ലെ റെയിൽ ബജറ്റിലാണ്. നിർമാണ അനുമതി ലഭിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും പദ്ധതി കാര്യമായി മുന്നോട്ടുപോയിട്ടില്ല. കിഫ്ബി വഴി പകുതി ചെലവു വഹിക്കാമെന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ 2021ൽ കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. എന്നാൽ, ഏറ്റെടുക്കാവുന്ന പരമാവധി പദ്ധതികൾ കിഫ്ബി ഏറ്റെടുത്തുകഴിഞ്ഞു.
സർക്കാരിന്റെ കടമെടുപ്പ് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിൽ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ പദ്ധതികൾ ഏറ്റെടുക്കാനാകില്ല എന്നു കിഫ്ബി സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതോടെ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. ശബരി പാതക്കായി ഇതിനകം 264 കോടി രൂപ റെയിൽവേ ചെലവാക്കിയിട്ടുണ്ട്. കാലടി വരെ ഏഴു കിലോമീറ്റർ പാതയും പെരിയാറിനു കുറുകെ പാലവും നിർമിച്ചു. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമാണമാണ് ബാക്കിയുള്ളത്. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി 200 കോടി രൂപ കേന്ദ്രം നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ പണം ചെലവാക്കാൻ സാധിച്ചിട്ടില്ല.
പന്ത് സംസ്ഥാനത്തിന്റെ കോർട്ടിലേക്ക് തട്ടി കേന്ദ്രം
പ്രഖ്യാപിക്കുമ്പോൾ 550 കോടിയെന്നു കണക്കാക്കിയ ചെലവ് ഏറ്റവുമൊടുവിൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 3800 കോടിയായി. ഇതിന്റെ പകുതി, 1900 കോടി രൂപയാണു കേരളം നൽകേണ്ടത്. ഇതിനായി, അഞ്ചു വർഷങ്ങളിലായി പ്രതിവർഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും നടപ്പായില്ല. ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് ഉണ്ടായിരിക്കെ സംസ്ഥാനത്ത് റെയിൽവേ വികസനത്തിന് 2000 കോടി രൂപ നീക്കിവെക്കാൻ എന്താണു തടസ്സമെന്നാണ് ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഫെഡറേഷന്റെ ചോദ്യം. ശബരി റെയിൽ പദ്ധതിയുടെ പകുതി തുക മുടക്കാൻ സമ്മതപത്രം നൽകണമെന്നു കേന്ദ്രം നിർദേശിച്ച സാഹചര്യത്തിൽ അതിനുള്ള മാർഗം എത്രയുംവേഗം കേരളം കണ്ടെത്തിയേ തീരൂ.
കേന്ദ്രവുമായി ചെലവു പങ്കിടുന്ന കാര്യത്തിൽ തീരുമാനം വൈകുന്നതു പദ്ധതിയെ ദോഷകരമായി ബാധിച്ചേക്കും. ചെങ്ങന്നൂർ-പമ്പ പാതക്കാണ് കേന്ദ്രത്തിന്റെ പ്രഥമ പരിഗണനയെന്നത് തിരിച്ചറിഞ്ഞു കേരളം നീങ്ങിയില്ലെങ്കിൽ ശബരിപാത തന്നെ നഷ്ടമായേക്കാം. പകുതി ചെലവിന്റെ കാര്യത്തിൽ കേരളം ഉഴപ്പുന്നത് ശബരി പദ്ധതി കേന്ദ്രം ഉപേക്ഷിക്കുന്നതിൽ എത്തിക്കുമോ എന്നാണ് ആശങ്ക.
ശബരിപാത നിർമാണം പുനരാരംഭിക്കണം -എം.പിമാർ
തൊടുപുഴ: അങ്കമാലി-എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ എം.പി മാരായ ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ് എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
സംസ്ഥാന സർക്കാർ അങ്കമാലി-എരുമേലി റെയിൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം.പിമാർ പറഞ്ഞു. സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതാണ് അങ്കമാലി-ശബരി റെയിൽവേ പദ്ധതി അനിശ്ചിതത്വത്തിലാകാൻ കാരണമെന്നാണ് റെയിൽവേ മന്ത്രിയുടെ മറുപടി. സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കാത്തതും സംസ്ഥാനത്തിന്റെ വീഴ്ചയാണെന്ന് മന്ത്രി പറയുന്നു. എന്തു വിട്ടുവീഴ്ച ചെയ്തും അങ്കമാലി-ശബരി പദ്ധതി നടപ്പാക്കണമെന്നും അതിനായി പരിപൂർണ സഹകരണം ഉണ്ടാകുമെന്നും എം.പിമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.