മണ്ഡലകാലം: ഭക്ഷ്യസുരക്ഷ കർശനമാക്കും; വണ്ടിപ്പെരിയാറിൽ 10 കടകളിൽ പരിശോധന
text_fieldsതൊടുപുഴ: മണ്ഡലകാലത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന വ്യാപിപ്പിച്ചു. ശബരി മല തീർഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ ബേക്കറികൾ, ഹോട്ടലുകൾ, ചിപ്സ് കടകൾ ഉൾപ്പെടെ ഭക്ഷണ ശാലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ആരംഭിച്ചത്.
വണ്ടിപ്പെരിയാറിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് പത്ത് കടകളിൽ പരിശോധന നടത്തി. അഞ്ചിടത്ത് നിന്ന് ഭക്ഷ്യ എണ്ണകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ഫലം ലഭിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമീഷണർ പറഞ്ഞു.
മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പാക്കുക, അമിത വില ഈടാക്കുന്നത് തടയുക തുടങ്ങിയ ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന നടത്തും. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബ് ഉപയോഗിച്ചും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.
ഭക്ഷ്യ സുരക്ഷ ലൈസൻസ്, രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘സേഫ് സോൺ’
തൊടുപുഴ: ശബരിമല തീർഥാടകർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും കേരള റോഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് നടപ്പാക്കുന്ന സേഫ് സോൺ പദ്ധതിയുടെ ഭാഗമായുള്ള സബ് കൺട്രോൾ ഓഫിസ് കുട്ടിക്കാനത്ത് പ്രവർത്തനം തുടങ്ങി.
24 മണിക്കൂറും പ്രവർത്തിക്കും. വാഹനാപകടങ്ങൾ കുറക്കുന്നതിനായി 24 മണിക്കൂറും പട്രോളിങ്ങ്, ഡ്രൈവർമാർക്കുള്ള ബോധവത്കരണം, കേടാകുന്ന വാഹനങ്ങൾ നന്നാക്കുന്നതിനുള്ള സഹായം, അപകടമുണ്ടായാൽ അടിയന്തര രക്ഷാ പ്രവർത്തനം, പ്രഥമ ശുശ്രൂഷ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി നടക്കും.
മുണ്ടക്കയം മുതൽ കുമളിവരെയുള്ള 56 കിലോമീറ്ററാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. ഈ പാതയിൽ മോട്ടോർ വാഹന വകുപ്പിന്റെ നാല് സ്ക്വാഡുകൾ പട്രോളിങ്ങ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.