ശബരിമല സീസൺ അടുത്തു; തീർഥാടകരെ കാത്ത് ദുരിതവഴികൾ...
text_fieldsതൊടുപുഴ: മണ്ഡലകാലത്തിലേക്ക് ഇനി അധിക നാളില്ല. പക്ഷേ, സംസ്ഥാനത്തും പുറത്തും നിന്നുള്ള തീർഥാടകർക്ക് ഇങ്ങോട്ടേക്കെത്തേണ്ട റോഡ് പലയിടത്തും അതികഠിനം.
കൂടുതൽ പ്രയോജനപ്പെടേണ്ട കോട്ടയം-കുമളി (കെ.കെ റോഡ്) റോഡും തൊടുപുഴ-ഈരാറ്റുപേട്ട വഴിയുള്ള റോഡും കുഴപ്പത്തിലാണ്. തമിഴ്നാട്ടിൽനിന്ന് കുമളി വഴി ശബരിമലയിലേക്ക് പോകുന്ന തീർഥാടകർ റോഡുവക്കിൽ അപകട സൂചന നൽകുന്ന ടാർവീപ്പയും ചുവന്ന റിബണും കണ്ട് ഊഹിച്ച് മുന്നോട്ടുപോകേണ്ട അവസ്ഥ.
കെ.കെ റോഡിൽ കാലവർഷത്തിൽ തകർന്ന ഭാഗങ്ങൾ അടക്കം അറ്റകുറ്റപ്പണിപോലും നടത്താതെ കിടക്കുന്നു. പീരുമേട് മത്തായിക്കൊക്കയിൽ ഉരുൾപൊട്ടി കെ.കെ റോഡിലേക്കു നിലംപൊത്തിയതിനെ തുടർന്ന് ഒരുഭാഗം പൂർണമായും ഇടിഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പുനർനിർമിക്കാൻ നടപടിയില്ല. റോഡിൽ സ്ഥാപിച്ചിരിക്കുന്ന ടാർ വീപ്പകളിൽ രാത്രിയിൽ വാഹനങ്ങൾ ഇടിക്കുന്നതും തട്ടി കടന്നുപോകുന്നതും പതിവാണ്. കുട്ടിക്കാനം മുതൽ പലയിടങ്ങളിലും ക്രാഷ് ബാരിയറുകൾ തകർന്നുകിടക്കുന്നു. അടയാള ബോർഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളും പേരിനു മാത്രമാണുള്ളത്. ഇതിൽ പലതും കാലപ്പഴക്കം മൂലം ഗുണപ്പെടാത്ത സ്ഥിതിയുമുണ്ട്. റോഡ് അപകടത്തിലായതിനാൽ ദേശീയപാത 183ൽ ഒരിടത്ത് പാത ഒറ്റവരിയാക്കിയിരിക്കുന്നത് ടാർ വീപ്പ ഉപയോഗിച്ചാണ്.
തൊടുപുഴ വഴി വരുന്ന തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന അപകടക്കെണികളാണ് മുട്ടത്ത്. ശബരിമല സീസൺ അടുത്തിട്ടും മുട്ടം-ഈരാറ്റുപേട്ട റോഡിലെ കുഴികൾ അടക്കാൻ നടപടിയില്ല. മുട്ടം മുതൽ ചള്ളാവയൽ വരെയുള്ള റോഡിലെ കുഴികൾ ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ എടുത്ത വലിയ കുഴികളാണ് മൂടാത്തതിനാൽ കിടങ്ങായി മാറിയത്. റോഡിന്റെ ഭൂരിഭാഗവും ടാറിങ് തകർന്ന നിലയിലാണ്. നിരവധി വാഹനങ്ങളാണ് കിടങ്ങിൽ വീണ് അപകടത്തിൽപെടുന്നത്.
ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയുടെ മുകളിൽ കല്ലും പാറപ്പൊടിയും നിരത്തി കരാറുകാരൻ സ്ഥലംവിടുകയായിരുന്നു. മഴ ആരംഭിച്ചതോടെ പാറപ്പൊടി ഒഴുകിപ്പോയി വലിയ കുഴികൾ രൂപപ്പെട്ടു. ശബരിമല യാത്രക്കാർക്കായി മുട്ടം ടൗൺ ഒഴിവാക്കി പോകാൻ സാധിക്കുന്ന മുട്ടം എൻജിനീയറിങ് കോളജിനു സമീപത്തുനിന്ന് ആരംഭിക്കുന്ന ബൈപാസ് റോഡിന്റെ നിർമാണം ഇനിയും ആരംഭിച്ചിട്ടുമില്ല. കട്ടപ്പന-കുട്ടിക്കാനം പാതയിലെ കട്ടപ്പന മുതൽ ചപ്പാത്ത് വരെ മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പണികൾ നടന്നുവരുന്നു. ചപ്പാത്തിനും പരപ്പിനും മധ്യേയുള്ള ഭാഗത്താണ് ഇനി കൂടുതലായി ജോലികൾ പൂർത്തിയാകാനുള്ളത്. ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമാണം നടന്ന മേഖലയിൽ ഒന്നിലധികം തവണ മണ്ണിടിച്ചിൽ ഉണ്ടായി.
ഹൈവേ നിർമാണം ഇഴഞ്ഞുനീങ്ങുന്നതും തീർഥാടകരുടെ യാത്രക്ക് തടസ്സമാണ്. കട്ടപ്പനയാറിനു കുറുകെയുള്ള ഇരുപതേക്കർ പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. പാലത്തിന്റെ ഇരുവശത്തും റോഡിനു വീതി കൂട്ടിയെങ്കിലും പാലത്തിൽ വീതി കുറവാണെന്നത് അപകട ഭീഷണിയാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണിവിടെ. കട്ടപ്പന മുതൽ പുളിയന്മല വരെയുള്ള ഭാഗത്തെ കൊടുംവളവുകളും അപകട ഭീഷണിയാണ്. ആവശ്യത്തിനു വീതിയില്ലാത്തതാണ് പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.