സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പിന്തുണയേകാൻ വിദ്യാലയ സമിതികൾ
text_fieldsതൊടുപുഴ: ഇനിയും സ്കൂളിലെത്താൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പിന്തുണ നൽകുന്നതിനുള്ള നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകൾ തുറന്നെങ്കിലും ജില്ലയിലെ ആദിവാസി-പിന്നാക്ക മേഖലയിലെ ചിലയിടങ്ങളിൽ കുട്ടികൾ സ്കൂളിലെത്താൻ ബുദ്ധിമുട്ടുകയാണ്. ഗതാഗതസൗകര്യങ്ങളുടെ അഭാവമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാലയ സമിതികളുടെ നേതൃത്വത്തിൽ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം ഒരുക്കുന്നത്.
സ്കൂളുകൾ പൂർണസജ്ജമായെങ്കിലും മറയൂരടക്കം ജില്ലയിലെ ചില മേഖലകളിൽ കുട്ടികൾ ക്ലാസുകളിൽ എത്താത്ത സാഹചര്യമുണ്ട്. ഇവർക്ക് വിദ്യാഭ്യാസ വളന്റിയർമാരുടെ സഹായത്തോടെ പാഠഭാഗങ്ങളടക്കം എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ഇതിനായി പഞ്ചായത്തിന്റെയും ട്രൈബൽ വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്.
5000ഓളം എസ്.ടി വിഭാഗത്തിലുള്ള കുട്ടികളാണ് ജില്ലയിലുള്ളത്. ഇതിൽ നൂറോളം കുട്ടികൾ കോവിഡിനുശേഷം സ്കൂളിലെത്തിയിട്ടില്ല. ഇവർ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുമില്ല.
ഒന്ന് മുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇവർ. സ്കൂളുകൾ പൂർണമായി തുറന്നതോടെ പലരും സ്കൂളിലെത്തിത്തുടങ്ങിയിട്ടുണ്ട്. വരാത്തവർക്കാണ് വിദ്യാലയ സമിതികളോട് അവർക്ക് വേണ്ട സഹായം നൽകാൻ നിർദേശം നൽകിയിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചില മേഖലയിലെ കുട്ടികളും സ്കൂളിൽ എത്താതിരിക്കുന്നുണ്ടെന്നാണ് വിവരം.
കോവിഡ് കാലത്ത് കുട്ടികളിൽ പലരും മാതാപിതാക്കൾക്കൊപ്പം തമിഴ്നാട്ടിലേക്ക് പോയതായും വിവരമുണ്ട്. ഇത്തരം കുട്ടികളുടെ വിവരശേഖരണവും നടക്കുന്നുണ്ട്. പരീക്ഷ സമയമാകുമ്പോൾ ഇവരും തിരികെയെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
കോവിഡ് കാലത്ത് പ്രതിഭാകേന്ദ്രങ്ങൾ തുറന്നതുവഴി ട്രൈബൽ മേഖലയിലടക്കം കുട്ടികളെ സജീവമായി നിലനിർത്താൻ കഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.