സ്കൂൾ തുറക്കൽ: ഗതാഗത സംവിധാനം ക്രമീകരിക്കാൻ നിർദേശം
text_fieldsതൊടുപുഴ: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി തൊടുപുഴ നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ ക്രമീകരിക്കാൻ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പൊലീസിന് നിർദേശം നൽകി. തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, ഗാന്ധി സ്ക്വയർ, മോർ ജങ്ഷൻ, വെങ്ങല്ലൂർ സിഗ്നൽ, മങ്ങാട്ടുകവല തുടങ്ങിയ നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിൽ സ്കൂൾ സമയത്ത് അധികമായി പൊലീസിനെ നിയോഗിക്കണം. നഗരത്തിലെ അനധികൃത പാർക്കിങ്, കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജങ്ഷൻ വരെയുള്ള ഗതാഗതക്കുരുക്ക്, റോഡിന് ഇരുവശങ്ങളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമുള്ള ഗതാഗതക്കുരുക്ക് തുടങ്ങിയവക്കെതിരെ ട്രാഫിക് പൊലീസ് ശക്തമായ നടപടികൾ എടുക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. ഇവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മാധ്യമം വാർത്ത നൽകിയിരുന്നു.
കെ.എസ്.ആർ.ടി.സി ജങ്ഷൻ, ഗാന്ധി സ്ക്വയർ, കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷൻ, മണക്കാട് ജങ്ഷൻ, പ്രൈവറ്റ് ബസ്സ്റ്റാൻഡ് ജങ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെയും വൈകീട്ടുമായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും വലിയ തോതിലുള്ള ഗതാഗത തടസ്സം അനുഭവപ്പെടുന്നത് നഗരത്തിലെത്തുന്ന യാത്രക്കാരെയും വലക്കുകയാണ്.
ഇതോടൊപ്പം നഗരത്തിലെ റോഡുകളിലെയും സ്കൂളിന് സമീപമുള്ള റോഡുകളിലെയും മാഞ്ഞുപോയ സീബ്രാലൈനുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ പി. ഡബ്ല്യു.ഡി അധികൃതർക്കും നിർദേശം നൽകിയതായി ചെയർമാൻ പറഞ്ഞു. വിദ്യാർഥികളുടെയും യാത്രക്കാരുടെയും സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ അനധികൃതമായി പുറത്തേക്ക് ഇറക്കിവെച്ചിരിക്കുന്ന കച്ചവടം ഒഴിപ്പിക്കും. വരും ദിവസങ്ങളിൽ മുനിസിപ്പൽ നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന ശക്തമാക്കുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.