അവധിക്കാലത്തിന് ലോങ്ബെൽ കുട്ടികൾ നാളെ സ്കൂളിലേക്ക്...
text_fieldsതൊടുപുഴ: അക്ഷരമുറ്റത്തേക്ക് പിച്ചവെക്കാൻ കുരുന്നുകളെത്തിയതോടെ ജില്ലയിലെ അംഗൻവാടികളിൽ പ്രവേശനോത്സവം ‘കളറായി’. കുരുന്നുകളുടെ കളിചിരികളും പാട്ടും കഥപറച്ചിലുമായി അംഗൻവാടികൾ സജീവമായി. ജില്ലയിൽ 1561 അംഗൻവാടികളിലായാണ് ചൊവ്വാഴ്ച പ്രവേശനോത്സവം നടന്നത്. അംഗൻവാടിയും പരിസരവും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പൂക്കളും മധുരവും ചെറുസമ്മാനങ്ങളുമൊക്കെയായാണ് അംഗൻവാടികളിൽ എത്തിയ കുരുന്നുകളെ സ്വീകരിച്ചത്.
ചിരിക്കിലുക്കം എന്ന പേരിലാണ് ജില്ലയിലെ പ്രവേശനോത്സവം നടന്നത്. കുട്ടികളെ ആകർഷിക്കാൻ ചിത്രങ്ങളും അവർക്കിഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ വരച്ച് അംഗൻവാടികളുടെ ചുവരുകളടക്കം പലയിടത്തും ആകർഷകമാക്കിയിരുന്നു. പുത്തനുടുപ്പും ബാഗുമൊക്കെയായി രക്ഷിതാക്കളുടെ കൈപിടിച്ച് ആദ്യമായി എത്തിയ പലരുടെയും കണ്ണുകളിൽ കൗതുകമായിരുന്നു. ചിലരൊക്കെ ഒന്ന് കരഞ്ഞു. എന്നാൽ, കളിപ്പാട്ടങ്ങളും മധുരവുമൊക്കെ കണ്ടതോടെ കരച്ചിൽ മറഞ്ഞു. വിളംബര ജാഥ, കലാപരിപാടികൾ, പായസവിതരണം എന്നിവയും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. പ്രവേശന ദിനത്തിൽ കുഞ്ഞുങ്ങളുടെ ചിരിക്കുന്ന മുഖങ്ങൾ പകർത്താൻ സെൽഫി കോർണറുകളും ചില അംഗൻവാടികളിൽ ഒരുക്കിയിരുന്നു. അംഗൻവാടികളിൽനിന്ന് സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും ഈ വർഷം ഒരുക്കിയിരുന്നു.
കാഞ്ഞിരമറ്റം ഉറുമ്പിൽപാലം അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. അംഗൻവാടിയിലെ കഴിഞ്ഞ വർഷത്തെ കുട്ടികൾ താലപ്പൊലികളോടെയാണ് പുതുതായി എത്തിയ കുട്ടികളെ സ്വീകരിച്ചത്.
അടിമാലി: ഐ.സി.ഡി.എസ് ഓഫിസിന്റെ കീഴിലുള്ള അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു. നവാഗതരെ സമ്മാനങ്ങളും, മധുര പലഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്. അടിമാലി പള്ളിപ്പടി 96ാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അനസ് ഇബ്രാഹിം, സൂപ്പർവൈസർ ഷിജി അംഗൻവാടി, ജീവനക്കാരായ ജമുന കെ.ആർ, പുഷ്പ രമേശ് എന്നിവർ നേതൃത്വം നൽകി. കൂമ്പൻപാറ 85ാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. അംഗൻവാടി ജീവനക്കാരായ ഹാജിറ ബാബു, ബിബി.കെ. ബേബി തുടങ്ങിയവർ നേതൃത്വം നൽകി. അടിമാലി ലൈബ്രറി റോഡ് ഉദയ അംഗൻവാടിയിൽ നടന്ന പ്രവേശനോൽസവം പഞ്ചായത്ത് അംഗം ടി.എസ്. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വിജി.വി.ഡി. നിസാമോൾ എന്നിവർ നേതൃത്വം നൽകി. വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകളിലും പ്രവേശനോത്സവം നടന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
തലമറ്റം അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു. പഠനം പൂർത്തിയാക്കി സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി. അംഗൻവാടി വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മുനിസിപ്പൽ കൗൺസിലർ ഷീൻ വർഗീസ് നിർവഹിച്ചു. നവാഗതരായ കുട്ടികൾക്ക് മഹാറാണി വെഡിങ്ങ് കലക്ഷൻ സ്പോൺസർ ചെയ്ത ബാഗുകളും വിതരണം ചെയ്തു. അംഗൻവാടി ടീച്ചർ ബുഷറ സ്വാഗതം പറഞ്ഞു. കട്ടപ്പന ഇരുപതാം വാർഡ് ടൗൺഹാൾ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിലർ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ മിനി ബാബു അധ്യക്ഷത വഹിച്ചു. കട്ടപ്പന ഇരുപതേക്കർ ആഞ്ഞിലിപ്പാലം അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിൽ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പൂക്കളും പുസ്തകങ്ങളും നൽകിയാണ് സ്വീകരിച്ചത്. ബേബി വാഴയിൽ, മഞ്ജു പാറയിൽ,ഫാദർ ജോൺ ചിറക്കൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.