എട്ടു വർഷമായി ശമ്പളമില്ലെന്ന പരാതിയുമായി സ്കൂള്‍ അധ്യാപിക
text_fieldsഅടിമാലി: വിദ്യാഭ്യാസ വകുപ്പ് എട്ടു വര്‍ഷമായി ശമ്പളം നല്‍കുന്നില്ലെന്ന പരാതിയുമായി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക. രണ്ടുമാസത്തിനകം ശമ്പളം നല്‍കണമെന്ന് ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും പൊതുവിദ്യാഭ്യാസ വകുപ്പും സര്‍ക്കാറും പരസ്പരം പഴിചാരി നടപടി നീട്ടിക്കൊണ്ടുപോകുകയാണെന്ന് അധ്യാപിക ജയന്തി കുമാരി പറയുന്നു.
പൂപ്പാറ പഞ്ചായത്ത് എല്‍.പി സ്കൂളില്‍ 2012ല്‍ പ്രീ പ്രൈമറി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതാണ് നെടുങ്കണ്ടം മേലേവട്ടക്കാലായില്‍ ജയന്തി കുമാരി.
ശമ്പളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളില്‍ നിരവധി തവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സമാന രീതിയില്‍ ശമ്പളം ലഭിക്കാത്ത ജില്ലയിലെ സ്കൂള്‍ ജീവനക്കാരും ജയന്തിയും ഉള്‍പ്പെടെ കോടതിയെ സമീപിച്ചത്. 2019ല്‍ ഇവര്‍ക്ക് അനുകൂലമായി കോടതി വിധി വന്നു. രണ്ടു മാസത്തിനുള്ളില്‍ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ഉത്തരവ് ഇറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നടപ്പാക്കാൻ നടപടിയെടുത്തിട്ടില്ലെന്നാണ് പരാതി.
സ്ഥലം എം.എല്‍.എക്കും മന്ത്രി റോഷി ആഗസ്റ്റിനും ജയന്തി നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ശമ്പള കുടിശ്ശിക ഇനത്തിൽ ജയന്തിക്ക് 7,45,000 രൂപ നല്‍കാനുണ്ട്. പിന്നാക്ക വിഭാഗത്തിൽപെട്ട വിധവയായ ജയന്തി വാടക വീട്ടിലാണ് താമസം. സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും തന്നെ കബളിപ്പിക്കുകയാണെന്നാണ് ജയന്തി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.