തുറക്കാൻ ദിവസങ്ങൾ മാത്രം; സ്കൂളുകൾ ഒരുക്കത്തിൽ
text_fieldsതൊടുപുഴ: പുതിയ അധ്യയനവർഷം അടുത്തെത്തിയതോടെ വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളുകൾ. അറ്റകുറ്റപ്പണികളും സ്കൂൾ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്ന ജോലികളും മഴക്കാലപൂർവ ശുചീകരണവും പുരോഗമിക്കുകയാണ്. പ്രവേശനോത്സവത്തിനു മുന്നോടിയായി ഈ മാസം 27 ന് മുമ്പ് സ്കൂളുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു വാങ്ങി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. മിക്ക സ്കൂളുകളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. കെട്ടിടങ്ങളുടെ പെയ്ന്റിങ്, ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കൽ എന്നിങ്ങനെ ജോലികൾ പല സ്കൂളുകളിലും പൂർത്തിയായി വരുന്നു. അടുത്ത ദിവസങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കൽ ആരംഭിക്കും. കിണർ–ടാങ്ക് ശുചീകരണം, കാടു തെളിക്കൽ, പരിസരം അണുവിമുക്തമാക്കൽ, പാചകപ്പുര വൃത്തിയാക്കൽ, പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കൽ എന്നിങ്ങനെ നീളുന്നു പൂർത്തിയാക്കേണ്ട ജോലികളുടെ പട്ടിക.
രണ്ട് മാസമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിൽ ഇഴ ജന്തുക്കളില്ലെന്ന് ഉറപ്പാക്കണം. മേയ് 25 മുതൽ 29 വരെ ഡി.ഇ.ഒ, എ.ഇ.ഒ.മാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ സ്കൂളുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തും.
മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജൂൺ മൂന്നിനു പ്രവേശനോത്സവം ഉത്സവ പ്രതീതിയോടെ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഒന്നാം വാല്യ പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചതായും പ്രവേശനോത്സവ ദിവസം തന്നെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.