തൊടുപുഴയിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷം; എട്ട് വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകനും പരിക്ക്
text_fieldsതൊടുപുഴ: കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ വിദ്യാർഥി സംഘർഷം. അൽ- അസ്ഹർ ലോ കോളജിന് സമീപവും തൊടുപുഴ ജില്ല ആശുപത്രിയിലുമാണ് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ എട്ട് വിദ്യാർഥികൾക്കും ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അഞ്ച് കേസുകളിലായി കണ്ടാലറിയാവുന്ന 15 പേരടക്കം 35പേർക്കെതിരെ കേസെടുത്തു. എ.ഐ.എസ്.എഫ് പ്രവർത്തകരായ ഹരികൃഷ്ണൻ, ഹെവൻ വർഗീസ്, ഷൗക്കത്ത് അലി, അലക്സ്, നസീൻ, ഫൈസൽ, മാഹിൻ, ആരിഫ് എന്നിവർക്കും എസ്.എഫ്.ഐ പ്രവർത്തകരായ തൻവീർ, അക്ബർ അലി, ചെറിയാൻ എന്നിവർക്കുമാണ് പരിക്ക്. പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരാണ് അക്രമിച്ചതെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകരും എ.ഐ.എസ്.എഫ് പ്രവർത്തകർ മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. ആശുപത്രിയിലെ സംഘർഷത്തിനിടെയാണ് ചിത്രങ്ങൾ പകർത്താനെത്തിയ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ഷിയാസ് ബഷീറിന് പരിക്കേറ്റത്.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകിലൊരാൾ കത്തിവീശി. ഇതോടെയാണ് സംഘർഷമുണ്ടായതെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ ഇരുവിഭാഗത്തിലെയും വിദ്യാർഥികൾ തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സതേടി. കോളജിലെ സംഘർഷ വിവരമറിഞ്ഞ് തൊടുപുഴ മേഖലയിലെ മറ്റ് കോളജുകളിൽനിന്ന് കൂടുതൽ വിദ്യാർഥികൾ ജില്ല ആശുപത്രിയിലെത്തി. തുടർന്ന് ആശുപത്രിയിൽവെച്ച് രണ്ടുതവണ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. ഈ സമയം ആശുപത്രിയിലെത്തിയവർ പരിഭ്രാന്തരായി.
സംഭവമറിഞ്ഞ് തൊടുപുഴ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. എ.ഐ.എസ്.എഫ് ജില്ല ജോയന്റ് സെക്രട്ടറി ഡെൽവിൻ അഗസ്റ്റിനാണ് കാമറ തട്ടിത്തെറിപ്പിച്ചശേഷം ഷിയാസിന്റെ മുഖത്തിന് കൈമുട്ടുകൊണ്ട് ഇടിച്ചതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.