ഇടുക്കി: ആശുപത്രികളിൽ മരുന്നിന് ക്ഷാമം
text_fieldsതൊടുപുഴ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമം. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക് എന്നിവക്കാണ് കൂടുതൽ ക്ഷാമം. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വൈറൽ പനിയടക്കമുള്ളവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആന്റിബയോട്ടിക്കുകൾ അടക്കം മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിൽവരെ അവശ്യമരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ടെന്നാണ് ആക്ഷേപം. സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാർ മരുന്ന് കിട്ടാതെ നട്ടംതിരിയുകയാണ്. പലരും വാഹനങ്ങൾ വിളിച്ചും മറ്റും ആശുപത്രിയിലെത്തുമ്പോഴാണ് മരുന്നുകളില്ലെന്ന വിവരം അറിയുന്നത്. പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട സാഹചര്യവും സാധാരണക്കാർക്ക് വലിയ ബാധ്യതയും സൃഷ്ടിക്കുന്നു.
ആശുപത്രിയിൽ മരുന്ന് എത്തിക്കുന്ന കെ.എം.എസ്.സി.എൽ കൃത്യമായി എത്തിക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് ആക്ഷേപമുണ്ട്. മരുന്നുകൾ തീർന്നതോടെ രോഗികളെ കുറിപ്പടിയുമായി പുറത്തേക്കയക്കുന്ന പതിവ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉണ്ട്. മാർച്ച് 31 വരെ കാലയളവിലേക്കാണ് മരുന്നുകൾക്കുള്ള ഇൻഡന്റ് നൽകുന്നത്. ചട്ടമനുസരിച്ച് ഇനി ഏപ്രിൽ മുതലാണ് പുതിയ ക്വോട്ട അനുസരിച്ചുള്ള മരുന്നുകൾ എത്തേണ്ടത്. എന്നാൽ പുതിയ സ്റ്റോക്ക് ഇനി മേയിലേ എത്തൂ എന്നാണ് അറിയുന്നത്. എന്നാൽ ഇപ്പോൾ മഞ്ഞും മഴയും ചൂടും മാറി മാറി വരുന്നതിനെ തുടർന്ന് രോഗികളുടെ എണ്ണം കൂടിവരുന്നുണ്ട്. ചികിത്സ തേടി എത്തുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവെങ്കിലും അതിന് ആനുപാതികമായി മരുന്നുകളുടെ ക്വോട്ട വർധിപ്പിക്കുകയോ ഇൻഡന്റ് നൽകുകയോ ചെയ്തില്ല. ഇതും പ്രതിസന്ധിക്ക് കാരണമാണ്.
ജീവിതശൈലീ രോഗങ്ങൾക്കുള്ള ഇൻസുലിൻ അടക്കമുള്ളവക്കും ക്ഷാമമുണ്ട്. ചികിത്സ തേടുന്നവരിൽ ഏറിയ പങ്കും പാവപ്പെട്ടവരായതിനാൽ വലിയ വിലയ്ക്കുള്ള മരുന്നുകൾ പുറമേ നിന്ന് വാങ്ങുക എന്നത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതേസമയം ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ എത്തുന്നുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ഇൻസുലിൻ സ്റ്റോക്ക് ആശുപത്രികളിൽ കുറവുണ്ട്. അടുത്ത ആഴ്ചയോടെ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഞ്ഞുകാലംകൂടി എത്തിയതോടെ രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് മൂലം മരുന്നുകളുടെ ആവശ്യവും കൂടി. മരുന്നുകൾ കുറവുള്ള ഇടങ്ങളിൽ വേഗത്തിൽ അവ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.