കായികാധ്യാപകർ സ്കൂളിന് പുറത്ത്: ജില്ലയിലെ 496 സ്കൂളിൽ കായികാധ്യാപകർ 67 ഇടത്ത് മാത്രം
text_fieldsകുട്ടികളുടെ കുറവാണ് പ്രശ്നം
നിലവിലെ ചട്ടപ്രകാരം കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി മാത്രമേ കായികാധ്യാപകരെ നിയമിക്കാനാകൂ. ജില്ലയിലെ 67 സ്കൂളുകളിലാണ് കായികാധ്യാപകരെ നിയമിക്കാൻ ആവശ്യമായ കുട്ടികളുള്ളത്. കുട്ടികളുടെ കുറവ് തന്നെയാണ് പ്രശ്നം. സമഗ്ര ശിക്ഷ കേരള ദിവസ വേതനാടിസ്ഥാനത്തിൽ പ്രത്യേകം അധ്യാപകരെ നിയമിച്ച് ചില സ്കൂളുകളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്
കെ. ബിന്ദു (ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ)
തൊടുപുഴ: ജില്ലയിലെ സ്കൂളുകളിൽ കായികാധ്യാപകർക്ക് കടുത്ത ക്ഷാമം. 496 സ്കൂളിൽ 67 എണ്ണത്തിൽ മാത്രമാണ് കായികാധ്യാപകരുള്ളത്. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ കായികരംഗത്ത് വിദ്യാർഥികൾക്ക് ചിട്ടയായ പരിശീലനവും പ്രോത്സാഹനവും ലഭിക്കാത്ത അവസ്ഥയാണ്. കായിക മേഖലയിൽ പരിശീലനത്തിന് മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സ്കൂൾതല മേളകളിലടക്കം വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കുന്നു.
സർക്കാർ സ്കൂളിൽ 'കളി' വേണ്ട
തൊടുപുഴ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളിൽപോലും കായികാധ്യാപകരില്ല. ജില്ലയിലെ 496 സ്കൂളിൽ 51 എയ്ഡഡ് സ്കൂളിലും 16 സർക്കാർ സ്കൂളിലും മാത്രമേ കായികാധ്യാപകരുള്ളൂ. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളാണ് ഇക്കാര്യത്തിൽ ഏറെ പിന്നിൽ.
അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും അധ്യാപകരില്ലാത്തതിനാൽ മറ്റ് സ്കൂളുകളിൽ ഇതുമായി ബന്ധപ്പെ ട്ട പഠനം നടക്കുന്നില്ല. തൊടുപുഴ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ പോലും കായിക അധ്യാപകരില്ല.
കട്ടപ്പന ഉപജില്ലയിൽ രണ്ട് പേരും അറക്കുളത്ത് ഒരാളും മൂന്നാറിൽ മൂന്നുമാണ് സർക്കാർ സ്കൂളുകളിൽ കായികാധ്യാപകരുടെ പ്രാതിനിധ്യം. ഭൂരിഭാഗം മാനേജ്മെന്റ് സ്കൂളിലും കായികാധ്യാപകർ സ്കൂളിന് പുറത്താണ്.
കുരുക്കായി ചട്ടം
യു.പി വിഭാഗത്തിൽ 500 കുട്ടികളും ഹൈസ്കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലായി അഞ്ച് ഡിവിഷനുകളും ഉണ്ടെങ്കിലേ കായികാധ്യാപകനെ നിയമിക്കാവൂ എന്നാണ് ചട്ടം. കുട്ടികളുടെ കുറവ് നേരിടുന്ന സ്കൂളുകളിൽ കായികാധ്യാപകർക്ക് സ്ഥാനമില്ലാതെ പോകുന്നത് ഈ മാനദണ്ഡം മൂലമാണ്. യു.പി വിഭാഗത്തിലെ പരിധി മുന്നൂറായി കുറക്കണമെന്നും ഹൈസ്കൂളിൽ പത്താം ക്ലാസ് ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ കായികാധ്യാപകർ ചട്ടപ്പടി സമരം നടത്തുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. മലയോര, തോട്ടം മേഖലകളിലെ സ്കൂളുകളിൽ കായികരംഗത്ത് മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ ഉണ്ടെങ്കിലും പരിശീലനത്തിന്റെ കുറവുമൂലം ഇവർ പിന്തള്ളപ്പെടുകയാണ്. കായികാധ്യാപകരെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി ചിട്ടയായ പരിശീലനം നൽകിയാൽ ഇവരെ ഭാവി വാഗ്ദാനങ്ങളായി വളർത്തിയെടുക്കാനാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. ഇത്തവണത്തെ ജില്ല സ്കൂൾ കായികമേളയിൽ ഹൈറേഞ്ച് മേഖലയിലെ ചില സ്കൂളുകൾ ഒഴിച്ചാൽ മറ്റ് സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയതിന് പിന്നിൽ പരിശീലനത്തിന്റെ കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ലയിലെ ഒരു സ്കൂളിലും സിന്തറ്റിക് ട്രാക്ക് ഇല്ല
ജില്ലയിലെ ഒരു സ്കൂളിലും സിന്തറ്റിക് ട്രാക്ക് ഇല്ലെന്നും 200 മീറ്റർ ട്രാക്ക് പോലും വിരിലിലെണ്ണാവുന്ന സ്കൂളുകളിൽ മാത്രമാണെന്നും ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പി.എസ് ഡൊമിനിക് പറഞ്ഞു. സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമൂലം ഇവിടെനിന്നുള്ള കുട്ടികൾ സിന്തറ്റിക് ട്രാക്ക് സൗകര്യമുള്ള മറ്റ് ജില്ലകളിലേക്ക് പോകുകയാണ്. ഹൈജംപിനും പോൾവാട്ടിനുമുള്ള പരിശീലന സൗകര്യങ്ങളും പേരിന് മാത്രം. മൈതാനങ്ങളില്ലാത്ത സ്കൂളുകളും ജില്ലയിൽ ധാരാളം. മലയോര മേഖലയിലെ ചില സ്കൂളിലെ കായിക പ്രതിഭകളായ കുട്ടികൾ പരിശീലനത്തിന് മറ്റ് സ്കൂളുകളിലെ അധ്യാപകരെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.