നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കി സിനിമോൾ; നാട് സ്വീകരണമൊരുക്കുന്നു
text_fieldsതൊടുപുഴ: പ്രതിബന്ധങ്ങളോട് പടവെട്ടി വിജയക്കുതിപ്പ് തുടരുന്ന സിനിമോൾക്ക് ജന്മനാട് സ്വീകരണമൊരുക്കുന്നു. ജര്‍മനിയിലെ കൊളോണില്‍ നടന്ന ഭിന്നശേഷിക്കാരുടെ ലോക ഡ്വാര്‍ഫ് ഗെയിംസില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കി ചരിത്രനേട്ടം കൈവരിച്ച സിനിമോള്‍ കെ. സെബാസ്റ്റ്യന്‍ ജന്മനാട്ടില് പൗരാവലിയുടെ നേതൃത്വത്തിലാണ് ഉജ്ജ്വല സ്വീകരണം ഒരുങ്ങുന്നത്.
വണ്ണപ്പുറം ഒടിയപാറ കോട്ടപ്പുറത്ത് സെബാസ്റ്റ്യൻ-മേരി ദമ്പതികളുടെ മകളാണ് 38കാരിയായ സിനിമോൾ. കാളിയാർ സെന്റ് മേരീസ് സ്കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്.
ജന്മനാ ലഭിച്ച പൊക്കക്കുറവായിരുന്നു സിനിമോൾ നേരിട്ട വെല്ലുവിളി. വണ്ണപ്പുറം സ്വദേശിനിയായ സിനി അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ വണ്ടമറ്റത്തെ അക്വാട്ടിക് സെന്ററില്‍ എത്തിയാണ് നീന്തലിൽ പരിശീലനം നേടിയത്. ഇവിടുത്തെ മൂന്നുമാസത്തെ പരിശീലനമാണ് സിനിയെ ചരിത്രനേട്ടത്തില്‍ എത്തിച്ചത്. നവംബറിൽ അസമിലെ ഗുവാഹതിയിൽ ഡോ. സക്കീർ ഹുസൈൻ അക്വാട്ടിക് സെന്ററിൽ നടന്ന അംഗപരിമിതർക്കായുള്ള ദേശീയ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. നീന്തലില്‍ പങ്കെടുക്കാന്‍ പ്രചോദനം നല്‍കിയത് തൃശൂരുള്ള സി.എം.ഐ സഭ അംഗം ഫാ. സോളമന് കടമ്പാട്ടു പറമ്പിലാണ്. ഏഷ്യന്‍ ഗെയിംസാണ് സിനിയുടെ അടുത്ത ലക്ഷ്യം.
ഇതിനു തുടര്‍പരിശീലനം ആവശ്യമാണ്. സാമ്പത്തികവും മറ്റുഭൗതിക സാഹചര്യങ്ങളുടെ കുറവും സിനിയെ അലട്ടുന്നുണ്ട്.
എല്ലാവർക്കും കഴിവുകളുണ്ടെന്നും തങ്ങളെക്കൊണ്ട് ഒന്നും കഴിയില്ല എന്ന് പറഞ്ഞ് ആരും വെറുതെ ഇരിക്കരുതെന്നും മറ്റുള്ളവർക്ക് നമ്മൾ എന്താണെന്ന് കാണിച്ച് കൊടുക്കമെന്നാണ് സിനിമോളുടെ ഉപദേശം.
സ്വീകരണമൊരുക്കുന്നതിനായി ഞാറക്കാട് പള്ളി വികാരി ആന്റണി ഓവേലില്‍ രക്ഷാധികാരിയും ഷിന്‍സ് സെബാസ്റ്റ്യന്‍-കണ്‍വീനര്‍, ബാബു മാത്യു കുമ്പളന്താനം-പ്രോഗ്രാം കോഓഡിനേറ്റര്‍, പൈങ്ങോട്ടൂര്‍, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായി കമ്മിറ്റി രൂപവത്കരിച്ചു.
15ന് വൈകീട്ട് മൂന്നിന് പൈങ്ങോട്ടൂര്‍ ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വണ്ണപ്പുറം വരെ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തി സ്വീകരിച്ച് ആനയിക്കും. തുടര്‍ന്നു കോടാമുള്ളില്‍ കോംപ്ലക്സില്‍ വൈകീട്ട് നാലിനു നടക്കുന്ന യോഗത്തില്‍ മന്ത്രി, കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.