പാമ്പ് ശല്യം; ജാഗ്രത വേണം, കൂടുതൽ ആന്റിവെനം സ്റ്റോക് വേണമെന്ന് ആവശ്യം
text_fieldsതൊടുപുഴ: വേനല്‍ക്കാലം വിഷപ്പാമ്പുകള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്ന സമയമായതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വിഷപ്പാമ്പുകളും പെരുമ്പാമ്പും കൂടുതലായി കണ്ടു വരുന്നുണ്ടെങ്കിലും പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം ജില്ലയില്‍ പൊതുവെ കുറവാണ്. കഴിഞ്ഞ വര്‍ഷം അഞ്ചുപേര്‍ മാത്രമാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്. ഈ വര്‍ഷം ജനുവരിയിൽ ഒരാള്‍ മാത്രമാണ് ഇതിനകം ചികിത്സ തേടിയത്.
എന്നാല്‍, പാമ്പുകടിയേറ്റാല്‍ പ്രതിരോധത്തിനായി നല്കുന്ന ആന്റിവെനം ജില്ലയിലെ കൂടുതല്‍ ആശുപത്രികളില്‍ വേണമെന്ന് ആവശ്യം ഉയരുമ്പോഴും ഇതിനു നടപടിയില്ല. ജില്ല ആശുപത്രികളിലാണ് പ്രധാനമായും ആന്റിവെനം സ്റ്റോക്കുള്ളത്. എല്ലാ താലൂക്ക് ആശുപത്രികളിലും ആന്റിവെനം സ്റ്റോക് വേണമെന്നുണ്ടെങ്കിലും പലപ്പോഴും ഇതുണ്ടാവാറില്ല. ഗ്രാമീണ മേഖലകളിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും മരുന്ന് സ്റ്റോക് വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നാല്‍, ഐ.സി.യു വെന്റിലേറ്റര്‍ സൗകര്യമുള്ളിടത്താണ് ആന്റിവെനം ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കള, വാട്ടര്‍ ടാങ്ക്, തുടങ്ങി തണുപ്പ് ഏറെയുള്ള സ്ഥലങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം, ഇവിടം ഇടക്കിടെ ശ്രദ്ധയോടെ വൃത്തിയാക്കണം, വീട്ടിനുള്ളിലേക്കുള്ള ചാലുകള്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഇവ അടച്ചു സൂക്ഷിക്കുകയും ചെയ്യണം. വാതിൽപാളികള്‍ക്ക് ഇടയിലും വിടവുണ്ടോയെന്നു പരിശോധിക്കണം.
വീടിനു മുന്നിലിടുന്ന ചവിട്ടിക്കടിയില്‍ പാമ്പുകള്‍ ചുരുണ്ടുകൂടാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധിക്കണം. ചെരിപ്പുകള്‍, ഷൂസുകള്‍ എന്നിവ ഇടും മുമ്പ് ശ്രദ്ധിക്കണം. വിറക് തുടങ്ങിയ വസ്തുക്കള്‍ സൂക്ഷിച്ചുവെക്കുന്ന സ്ഥലങ്ങളും നിരീക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.