മഞ്ഞും വെയിലും; വില്ലനായി പനി; കുട്ടികളില്‍ മുണ്ടിനീര് വ്യാപകം
text_fieldsതൊടുപുഴ: മഞ്ഞും വെയിലും മാറി മാറി എത്തിയതോടെ പനി ബാധിതരുടെ എണ്ണം വർധിച്ചു. മിക്ക ആശുപത്രിയിലും ഒ.പിയിൽ വൈറൽ പനി ബാധിതരാണ് കൂടുതൽ എത്തുന്നത്. പനി മാറിയാലും വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. കുട്ടികൾക്കിടയിലും പനി വ്യാപകമാകുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ ഒന്നു മുതൽ 28 വരെ മാത്രം 5487 പേരാണ് പനിബാധിച്ച് ആശുപത്രിയിലെത്തിയത്. ഈ മാസം അഞ്ച് ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഡെങ്കിപ്പനി സംശയിക്കുന്ന 59 കേസും റിപ്പോർട്ട് ചെയ്തു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഏറെപ്പേർ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്ക്.
ഇതുകൂടാതെ ചിക്കൻപോക്സും മുണ്ടിനീരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാലാവസ്ഥ സ്വകാര്യ ക്ലിനിക്കുകളിൽ രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളിൽ കൂടുതൽ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്. ഒരു മാസത്തിനിടെ തന്നെ രണ്ടും മൂന്നും തവണ കുട്ടികൾക്ക് പനി ബാധിക്കുന്ന സാഹചര്യമുണ്ട്.
മുതിർന്നവർക്കടക്കം വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ശക്തമായ പനിയാണ് ഇപ്പോൾ കണ്ടുവരുന്ന വൈറൽ പനിയുടെ ലക്ഷണം. കടുത്ത ചുമയും കഫക്കെട്ടും ഇതിനോട് അനുബന്ധമായി വരുന്നു. പനി ബാധിച്ചാൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ഡെങ്കിപ്പനിയിലും ജാഗ്രത വേണം
വൈറൽ പനിക്കിടെ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊതുക് വളരാനുള്ള സാഹചര്യം വീടുകളിലോ പരിസരത്തോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വീടിനകത്തും പുറത്തും പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിങ് ചിരട്ടകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ ഒരാഴ്ച തുടർച്ചയായി വെള്ളം കെട്ടിക്കിടക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകും. ആരോഗ്യവകുപ്പ് അധികൃതർ കൃത്യമായ വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തി വരുന്നതായും അധികൃതർ പറഞ്ഞു.
തലപൊക്കി ചിക്കൻപോക്സും
തൊടുപുഴ: ചിക്കൻ പോക്സും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കണ്ടു വരുന്നു. ഈ മാസം 41 പേർക്ക് രോഗം കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.
രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകൾ ഉണങ്ങി രണ്ടു ദിവസം വരെയും അണുബാധ പകരാനിടയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വഗ്രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
മുണ്ടിനീരും വ്യാപകം; ഈ മാസം 127 കേസുകൾ
തൊടുപുഴ: കുട്ടികളില്‍ മുണ്ടിനീര് രോഗവും ജില്ലയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ മാസം ഇതുവരെ 127 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച 20 പേർക്കാണ് രോഗം ബാധിച്ചത്. മുണ്ടിനീര്, പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്.
രോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറുദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നു.വിശപ്പില്ലായ്മ, ക്ഷീണം, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുതെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.