തോട്ടം മേഖലയിൽ സ്പെഷൽ പരിശീലന കേന്ദ്രങ്ങൾ
text_fieldsതൊടുപുഴ: വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ കുട്ടികളെ പഠനസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സഹായിക്കുക എന്ന ലക്ഷ്യത്തത്തോടെ ജില്ലയിൽ 30 സ്പെഷ്യൽ പരിശീലന കേന്ദ്രങ്ങൾ സജ്ജം. തോട്ടം മേഖലയിലും നിർമാണ മേഖലയിലും കുറച്ച് കാലത്തേക്ക് എത്തി പണിയെടുക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായാണ് കേന്ദ്രം. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും അവരുടെ കുട്ടികളും കുറച്ചു നാൾ മാത്രമാണ് ഇവിടെ തങ്ങുന്നത്. പിന്നെ അവർ മടങ്ങുകയും ചെയ്യും. ഇങ്ങനെയുള്ളവരുടെ കുട്ടികൾക്കാണ് സ്പെഷ്യൽ പരിശീലന കേന്ദ്രങ്ങൾ സഹായകമാകുക. തൊഴിലാളികളുടെ ലയങ്ങൾക്കടുത്തായും മറ്റുമാണ് കേന്ദ്രങ്ങൾ. സ്ഥിരമായി താമസിക്കുന്ന കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഉറപ്പാക്കുന്നുണ്ട്.
പല തോട്ടങ്ങളിലുമെത്തുന്ന തൊഴിലാളികൾ കുറഞ്ഞ നാൾ മാത്രം താമസിച്ച് അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. പീരുമേടടക്കമുള്ള തോട്ടം മേഖലയിൽ ഇതാണ് കണ്ടുവരുന്നത്. പശ്ചിമബംഗാൾ, ബീഹാർ, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും നിരവധി കുട്ടികളുണ്ട് ഇത്തരത്തിൽ ഇടുക്കിയിൽ. ഇവരിൽ ഭൂരിപക്ഷവും പഠനഭാഷയായി തെരഞ്ഞെടുത്തിരിക്കുന്നത് മലയാളമാണ്. തമിഴ് ഭാഷകൾ തെരഞ്ഞെടുത്തവരുമുണ്ട്. എന്നാൽ ഇടക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതോടെ ഈ പഠനം പൂർണമാക്കാനോ പിന്നീട് പ്രയോജനപ്പെടുത്താനോ കഴിയാതെ വരുന്നു. ഇത് പരിഹരിക്കാൻ സെന്ററുകളിൽ റെയ്ൻബോ എന്ന കൈപ്പുസ്തകവും ഇറക്കുന്നുണ്ട്. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവക്കാണ് കൈപ്പുസ്തകത്തിൽ മുൻ തൂക്കം. 15 കുട്ടികൾക്ക് മുകളിലുള്ള സ്ഥലങ്ങളിൽ ഒരു കേന്ദ്രം രൂപവത്കരിച്ച് അവിടെ വളണ്ടിയറെ വെക്കും.
ഏറെ നാൾ പഠിക്കുന്നവരെ സ്കൂളിൽ തന്നെ ചേർക്കും. അല്ലാത്തവരെ പ്രത്യേക കേന്ദ്രത്തിലിരുത്തി പഠിപ്പിക്കും. സമഗ്രശിക്ഷ കേരളയുടെ (എസ്.എസ്.കെ) കീഴിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് ഈ കേന്ദ്രങ്ങളിൽ ക്ലാസെടുക്കുന്നത്.
ഈവർഷം സ്കൂളുകളിൽ 1,080 ഇതര സംസ്ഥാന കുട്ടികൾ
തൊടുപുഴ: ജില്ലയിൽ വിവിധ ഉപജില്ലകളിലായി ഈ വർഷം പ്രവേശനം നേടിയത് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 1,080 കുട്ടികൾ. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വിവിധ ക്ലാസുകളില്‍ പഠിക്കുകയാണിവര്‍. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. പീരുമേട് ബി.ആർ.സിയിലാണ് കൂടുതല്‍. 435 പേര്. കുറവ് അറക്കുളത്തും. 29 പേര്. മൂന്നാര്‍ 306, കട്ടപ്പന 144, നെടുങ്കണ്ടം 65, തൊടുപുഴ 35, കരിമണ്ണൂര്‍ 32, അടിമാലി-34 എന്നിങ്ങനെയാണ് വിവിധ ഉപജില്ലകളിലെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.