ജില്ല ആശുപത്രിയിൽനിന്ന് മാലിന്യം ഒഴുക്കുന്നത് തടയണം -മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: ഇടുക്കി ജില്ല ആശുപത്രിയിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് എത്രയും വേഗം തടയണമെന്നും ആശുപത്രിയെ രോഗപ്രഭവ കേന്ദ്രമാക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. എഴുത്തുകുത്തുകൾ മാത്രം നടത്തി സമയം പാഴാക്കാതെ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കണമെന്നും അതുവരെ മറ്റേതെങ്കിലും മാർഗം സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു.
ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും കൃത്യമായി ഒ.പി വിഭാഗത്തിലും മറ്റ് വിഭാഗങ്ങളിലും സേവനം ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. പരാതിക്കിടയില്ലാത്ത വിധം ഫാർമസി പ്രവർത്തിപ്പിക്കണം. തർക്കങ്ങൾ പരിഹരിച്ച് സ്കാനിങ് മെഷീൻ രോഗികൾക്ക് ലഭ്യമാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ ജൂലൈ 30നകം ഡി.എം.ഒയും ജില്ല പഞ്ചായത്ത് സെക്രട്ടറിയും സമർപ്പിക്കണം. ആഗസ്റ്റ് അഞ്ചിന് തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ജില്ല ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി മലിനജലം ആറ്റിലെത്തുന്നുവെന്നും ഈ ജലം ജലഅതോറിറ്റി വിതരണം ചെയ്യുകയാണെന്നുമുള്ള പരാതിയിലാണ് നടപടി. തങ്ങളുടെ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തിയതായി കമീഷന് ഡി.എം.ഒ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തകരാർ കാരണം നിർത്തിവെച്ച സ്കാനിങ് മെഷീൻ പ്രവർത്തനം പുനരാരംഭിച്ചതായും റിപ്പോർട്ടിലുണ്ട്. ആശുപത്രി മാനേജ്മെന്‍റ് സമിതി അംഗം വി.എസ് അബ്ബാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.