തൊമ്മൻ മറഞ്ഞു; പിന്നെ തൊമ്മൻകുത്തായി
text_fieldsതൊടുപുഴ: പണ്ടൊരു തൊമ്മൻ കരിമണ്ണൂർ-വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിൽ കാട്ടാറിലെ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. അതോടെ നാട്ടുകാർ വെള്ളച്ചാട്ടത്തെ 'തൊമ്മൻകുത്ത്' എന്ന് വിളിക്കാൻ തുടങ്ങിയേത്ര. കുത്ത് സ്ഥിതി ചെയ്യുന്ന കാട്ടാറ് തൊമ്മൻകുത്ത് പുഴയുമായി. ഇതാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ച് പറഞ്ഞുവരുന്ന കഥ. ഐതിഹ്യം എന്തായാലും ഇന്ന് തൊമ്മൻകുത്ത് പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്.
വനം വകുപ്പിനു കീഴിലാണ് ഈ വെള്ളച്ചാട്ടം. വനസംരക്ഷണ സമിതി നേതൃത്വത്തിലാണ് വിനോദ സഞ്ചാരം. തൊമ്മൻകുത്തിൽ ഒരു വെള്ളച്ചാട്ടം മാത്രമല്ല. കുതിച്ചുപാഞ്ഞ് പാറകളിൽ ഇടിച്ച് ചിതറിയൊഴുകുന്ന മാലപോലെ ആറ് കുത്തുകൾ അടങ്ങിയ മനോഹരകാഴ്ചയാണ്. തൊമ്മൻകുത്ത്, ഏഴുനിലകുത്ത്, കുടച്ചിയാർകുത്ത്, തേൻകുഴികുത്ത്, മുത്തിക്കുത്ത്, ചെകുത്താൻകുത്ത് എന്നിവയാണ് പ്രധാന കുത്തുകൾ. കൂടാതെ പളുങ്കൻ അള്ളും സഞ്ചാരികളെ ആകർഷിക്കുന്നു.
എന്നാൽ, ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. സഞ്ചാരികളെ ആകർഷിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കാത്തതാണ് കാരണം. പുഴയിൽ പെഡൽ ബോട്ടിങ് തുടങ്ങാൻ പദ്ധതിയിെട്ടങ്കിലും നടപ്പായില്ല. മനോഹരമായ ഏറുമാടങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് അവയൊക്കെ കാട്ടാനകൾ നശിപ്പിച്ചു. അവ പുനഃസ്ഥാപിക്കാനും നടപടിയില്ല. വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കാൻ ഇപ്പോൾ വനം വകുപ്പ് സമ്മതിക്കുന്നില്ല. സുരക്ഷിതമായി കുളിക്കാൻ സ്ഥലമുണ്ടായിട്ടും അനുവദിക്കുന്നില്ല എന്നാണ് ആക്ഷേപം. ഇതുകാരണം കുറച്ചകലെ ആനചാടികുത്തിലേക്ക് സഞ്ചാരികൾ കൂട്ടത്തോടെ പോകുകയാണ്.
തൊമ്മൻകുത്ത് വെള്ളച്ചാട്ടം കരിമണ്ണൂർ പഞ്ചായത്ത് പ്രദേശത്താണ്. എന്നാൽ, അതിനോടനുബന്ധിച്ച ഏഴു നിലക്കുത്തും ആനചാടികുത്തും വണ്ണപ്പുറം പഞ്ചായത്തിലും. സഞ്ചാരികളെ ആകർഷിക്കാൻ ആനചാടികുത്തിനെയും തൊമ്മൻകുത്തിനെയും ബന്ധിപ്പിച്ച് പദ്ധതികൾ തയാറാക്കാൻ രണ്ടു പഞ്ചായത്തും വിനോദസഞ്ചാരവകുപ്പും വനം വകുപ്പും മനസ്സുെവക്കണം. ആനചാടികുത്ത് കാണാൻ എത്തുന്നവർക്ക് താഴ്ഭാഗത്തേക്ക് എത്താൻ പാറക്കെട്ടുവഴി നടയും കൈവരിയും ആവശ്യമാണ്. തൂക്കുപാലം നിർമിച്ചാൽ ഏറെ ആകർഷകമാകും. തൂക്കുപാലം പദ്ധതി ഏറ്റെടുക്കാൻ ജില്ല പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ മുൻകൈയെടുത്താൽ പ്രദേശത്തെ വിനോദസഞ്ചാര വികസനത്തിന് വലിയ മുതൽക്കൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.