തെരുവുനായ് ശല്യം രൂക്ഷം; ഇടുക്കിയിൽ എ.ബി.സി കേന്ദ്രം ഇല്ല
text_fieldsതൊടുപുഴ: തെരുവുനായ് ശല്യം രൂക്ഷമായിട്ടും മറ്റു ജില്ലകളിലേതുപോലെ ഇടുക്കിയിൽ ഒരു അനിബൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം പോലുമില്ല. കേന്ദ്രം തുടങ്ങുന്നതിനായി നെടുങ്കണ്ടം, മൂന്നാർ, കുമളി, തൊടുപുഴ എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് തുടർനടപടിയുണ്ടായില്ല. നായ്ക്കളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രമെന്ന് തെറ്റിദ്ധാരണയാണ് ജനങ്ങളുടെ എതിർപ്പിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.
തെരുവുനായ് ശല്യത്തിന് നിയമപരവും ശാശ്വതവുമായ പരിഹാരം എ.ബി.സി കേന്ദ്രം ആണെന്നാണ് അധികൃതർ പറയുന്നത്. തെരുവുനായ്ക്കളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാൻ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടിയുമായി പൊതുജനം സഹകരിക്കണമെന്നും അവർ അഭ്യർഥിച്ചു.
എ.ബി.സി കേന്ദ്രങ്ങളിൽ തെരുവുനായ്ക്കളെ സ്ഥിരമായി പാർപ്പിക്കുകയല്ല. മറിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടുന്നവയെ ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം പേവിഷബാധ പ്രതിരോധ കുത്തിവെപ്പും നൽകുകയാണ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. തുടർന്ന്, പിടികൂടിയ അതേ സ്ഥലത്ത് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ അവയെ തിരിച്ചുവിടും. അത്യാധുനിക രീതിയിലുള്ള ഓപറേഷൻ യൂനിറ്റും മാലിന്യനിർമാർജന സംവിധാനവും ഉൾപ്പെടുന്നതാണ് എ.ബി.സി കേന്ദ്രമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.