നായ്പ്പേടിയിൽ നാട്
text_fieldsതൊടുപുഴ: ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുേമ്പാഴും പരിഹാരം കാണാൻ കഴിയാതെ അധികൃതർ. ജില്ലയിൽ നഗര-ഗ്രാമ പ്രദേശങ്ങളിലടക്കം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്.
തിങ്കളാഴ്ച 25 പേരാണ് നായ്ക്കളുടെ കടിയേറ്റ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമടക്കം കടിച്ച കേസുകൾ ഇതിൽ ഉൾപ്പെടും. മൂന്നാഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 274 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്.
,ഈ വർഷം ഇതുവരെ 5356 പേർക്കും തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നഗരത്തിലും മറ്റും രാത്രിയില്‍ നായ്ക്കൾ കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നു.
നേരത്തേ തെരുവുനായ് ശല്യം കുറഞ്ഞിരുന്നെങ്കിലും അടുത്തിടെ നഗരത്തില്‍ ഇവയുടെ ശല്യം രൂക്ഷമായതായാണ് നാട്ടുകാര്‍ പറയുന്നത്. ജില്ല പഞ്ചായത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ചെറുതോണിയിൽ എ.ബി.സി സെന്റർ സ്ഥാപിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പറയുന്നതല്ലാതെ സെന്റർ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാലിടങ്ങളിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദേശവാസികളിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെ തടസ്സപ്പെട്ടു. ഒടുവിൽ ജില്ല പഞ്ചായത്തുതന്നെ മുൻകൈ എടുത്ത് ചെറുതോണിയിൽ സെന്ററിനായി സ്ഥലം കണ്ടെത്തുകയായിരുന്നു.
ദിവസവും കടിയേൽക്കുന്നത് ശരാശരി 20 പേർക്ക്
ഒരു ദിവസം ശരാശരി 20 പേരിൽ കുറയതെ കടിയേൽക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്.
തെരുവുനായ്ക്കളുടെയും വളർത്തുനായ്ക്കളുടെയും കടിയേറ്റവർ ഇക്കൂട്ടത്തിൽപെടും. കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയോരങ്ങളിൽ തലങ്ങും വിലങ്ങും വിലസുമ്പോൾ വാഹനയാത്രികരും ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്. പുലർച്ച നടക്കാനിറങ്ങുന്ന പലരും നായ്ക്കളെ പേടിച്ച് നടത്തം നിർത്തി. പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും മാലിന്യം തള്ളലും അശാസ്ത്രീമായി പ്രവർത്തിക്കുന്ന അറവുശാലകളും ഒരു പരിധി വരെ നഗരങ്ങളിലെ തെരുവുനായ് ശല്യത്തിന് കാരണമാണ്. മാലിന്യ നിർമാർജനത്തിനുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും മാലിന്യം കുന്നുകൂടുന്നത് കുറക്കാൻ ഇത് ഫലപ്രദമാകുന്നില്ല.
നഗരത്തിലെ സ്ഥിരം മാലിന്യം തള്ളൽ കേന്ദ്രങ്ങളിലും റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യത്തിനരികിലും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡരികിൽ ചാക്കിൽകെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ കടിച്ചുകീറുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.