വിദ്യാർഥിക്ക് മർദനം: ജില്ല പൊലീസ് മേധാവിയും ഡിവൈ.എസ്.പിയും ഹാജരാകണം -മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: രോഗിയും 18കാരനുമായ വിദ്യാർഥിയെ സ്റ്റേഷനിലെ കാമറ ഇല്ലാത്ത മുറിയിൽ കട്ടപ്പന എസ്.ഐയും പൊലീസുകാരും മർദിച്ചത് കമീഷനിൽനിന്ന് മറച്ചുവെക്കാൻ ജില്ല പൊലീസ് മേധാവിയും കട്ടപ്പന ഡിവൈ.എസ്.പിയും ശ്രമിച്ചത് ഗൗരവമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒക്ടോബറിൽ തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ ജില്ല പൊലീസ് മേധാവിയും ഡിവൈ.എസ്.പിയും നേരിട്ട് ഹാജരാകണമെന്നും കമീഷൻ ഉത്തരവിട്ടു.
ജില്ല പൊലീസ് മേധാവി 2024 മേയ് മൂന്നിന് എറണാകുളം ഡി.ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.ഐക്കും സി.പി.ഒക്കും എതിരെ ഗുരുതര കൃത്യവിലോപവും വീഴ്ചയും ചൂണ്ടിക്കാട്ടിയിരുന്നു. ഇവർ വ്യാജ കേസുണ്ടാക്കിയെന്നും വിദ്യാർഥിയെ മർദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇതേ ഉദ്യോഗസ്ഥൻ ജൂലൈ രണ്ടിന് കമീഷന് നൽകിയ റിപ്പോർട്ടിൽ ഇത്തരം വിവരങ്ങളെല്ലാം ഒഴിവാക്കി.
പ്രധാന വിവരങ്ങൾ കമീഷനിൽനിന്നു മറച്ചുവെച്ചതിന്റെ കാരണം പൊലീസ് മേധാവിയും ഡിവൈ.എസ്.പിയും വിശദീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കട്ടപ്പന ഡിവൈ.എസ്.പി ഡി.പി.സിക്ക് നൽകിയ റിപ്പോർട്ടിൽ ഇരയായ ആസിഫിന്റെ മൊഴി ഉൾപ്പെട്ടിരുന്നില്ല. ഇരയുടെ മൊഴി അഭിഭാഷകന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു. ആസിഫിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇതിനൊപ്പം ഡിവൈ.എസ്.പി കമീഷനിൽ ഹാജരാക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനുള്ള കാരണവും ഡി.പി.സി കമീഷനെ അറിയിക്കണം.
ആസിഫിന്റെ ബൈക്ക് കൂട്ടുകാരൻ ഓടിക്കവെ കട്ടപ്പന എസ്.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടുകിട്ടാൻ ആസിഫ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു. ഇതാണ് എസ്.ഐക്ക് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് ആസിഫ് കമീഷനെ അറിയിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കമീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എസ്.ഐ എൻ.ജെ. സുനേഖ്, സി.പി.ഒ മനു പി. ജോസ് എന്നിവർക്കെതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.