വേനൽ കടുത്തു; കാട്ടുതീ ഭീതിയിൽ വനമേഖല
text_fieldsതൊടുപുഴ: വേനൽ കടുത്തതോടെ തീപിടിത്തം മൂലമുള്ള നാശനഷ്ടങ്ങളുടെ ഭീതിയിലാണ് ജില്ല. തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ സ്വത്തിനും ജീവന് തന്നെയും പല തവണ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്.
ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്. തീ പിടിത്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിലപ്പെട്ട സ്വത്തുവകകൾ സംരക്ഷിക്കാനും തീപിടിത്തം തടയുന്നതിനുമായി മുന്നൊരുക്കങ്ങൾ നടത്തണമെന്ന് അഗ്നിരക്ഷ സേന ജാഗ്രത നിർദേശം നൽകി.
കാട്ടു തീ പടരുന്ന മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് അഗ്നിരക്ഷാസേനയെ കുഴയ്ക്കുന്നത്. പലപ്പോഴും വാഹനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടു തീ. പുല്‍മേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ വൃക്ഷത്തലപ്പുകളും മറ്റും ഉപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. വനമേഖല കഴിഞ്ഞാൽ ജില്ലയിൽ റബർ തോട്ടങ്ങളിലാണ് കൂടുതലും തീപിടിത്തങ്ങൾ.
തോട്ടങ്ങളിൽ പൈനാപ്പിൾ കൃഷിക്ക് ശേഷം കൂട്ടിയിട്ട വേസ്റ്റുകളിൽ തീപിടിത്തമുണ്ടായി തൈ റബർ മരങ്ങൾക്ക് പൊള്ളലേറ്റ് കനത്ത നാശനഷ്ടം സംഭവിക്കാറുണ്ട്. സ്വന്തം തോട്ടങ്ങളിൽ ഫയർലൈൻ നിർമിച്ച് അഗ്നി സുരക്ഷ ഒരുക്കുന്നത് ഒരു പരിധിവരെ സഹായകമാണെന്ന് അഗ്നിരക്ഷാസേന മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്ത് ശക്തമായ കാറ്റിൽ വൈദ്യുശതജ ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി വീണും തീപിടുത്തം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യമുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെട്ട് ഒഴിവാക്കണം.
പറമ്പുകളിൽ തീയിടുമ്പോൾ ശക്തമായ കാറ്റിൽ തീപ്പൊരികൾ പടർന്നും തീപിടിക്കാറുണ്ട്. തീ പടർന്നാൽ അണക്കാൻ ആവശ്യമായ വെള്ളമുണ്ടെന്ന മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം ചപ്പുചവറുകൾ കത്തിക്കുന്നതിന് ശ്രമിക്കുക. റബർ ഷീറ്റുകൾ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മെഴുക് എന്നിവ ശക്തമായ ചൂടിൽ എത്തുമ്പോൾ സ്വയം കത്തുന്നതിന് സാധ്യതയുള്ള വസ്തുക്കളാണ്.
ഫയർലൈൻ തെളിക്കാൻ തീയിട്ടു; കുടിവെള്ള പൈപ്പുകൾ ചാമ്പലായി
ചെറുതോണി: വനം വകുപ്പ് ഫയർലൈൻ തെളിക്കാൻ തീയിട്ടതിനെ തുടർന്ന് കുടിവെള്ള പൈപ്പുകൾ ചാമ്പലായി. കാട്ടുതീ തടയാൻ നഗരം പാറ റേഞ്ചിലെ ഇടുക്കി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള വനം വകുപ്പ് കൈക്കൊണ്ട നടപടിയാണ് കർഷകർക്ക് വിനയായത്. വാഴത്തോപ്പ് പഞ്ചായത്തിൽ കൊക്കരക്കുളം മേഖലയിൽ വനം വകുപ്പിന്റെ ഫയർലൈൻ തെളിക്കലാണ് പ്രദേശവാസികളുടെ കുടിവെള്ളശേഖരണത്തിന് ‘തടയണ’ കെട്ടിയത്.
ഫയർ ലൈൻ തെളിക്കാൻ കരാറെടുത്തവർ എളുപ്പവഴിക്കായി റോഡരികിൽ കാടുകൾക്ക് തീയിട്ടു. വേനൽ കടുക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന ഈ പ്രദേശത്തെ നിരവധി വീടുകളിലേക്ക് വെള്ളം എത്തിച്ചിരുന്ന ഹോസുകളാണ് തീയിൽ ചാമ്പലായത്.
മലമുകളിൽ കടുത്ത വേനൽ ഒഴികെ സമയങ്ങളിൽ ശുദ്ധജലം ലഭിക്കുന്ന നിരവധി കിണറുകളുണ്ട്. ഇവിടെ നിന്ന് ഹോസിട്ടാണ് പ്രദേശവാസികൾ വർഷങ്ങളായി വെള്ളം ശേഖരിക്കുന്നത്. മികച്ച നിലവാരമുള്ള എച്ച് ഡി.( ഹൈ ഡെൻസിറ്റി) പൈപ്പുകളാണ് ഉപയോഗിച്ചത്. ഇത്തരം പൈപ്പിന് മീറ്ററിന് മുപ്പത് രൂപയിലധികം വിലയുണ്ട്.
അര കിലോമീറ്ററിലധികം നീളത്തിൽ വരെ ഹോസുപയോഗിക്കുന്ന വീട്ടുകാരുണ്ട്. ഇങ്ങനെയുള്ളവർക്ക് ഇരുപതിനായിരത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. തലച്ചുമടായി ഏറെ ദൂരം നടന്ന് വെള്ളം എത്തിക്കേണ്ട ഗതികേടിലാണിപ്പോൾ പ്രദേശവാസികൾ.
വിവരം അറിയിച്ചിട്ടും സ്ഥലം സന്ദർശിക്കാൻ പോലും വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വനം വകുപ്പിനും ജലവിഭവ മന്ത്രിക്കും പരാതി നൽകും.
മുറിഞ്ഞപുഴ വനത്തിൽ തീ പടർന്നു; ഏക്കർ കണക്കിന് വനഭൂമി നശിച്ചു
പീരുമേട്: പെരിയാർ കടുവ സങ്കേതത്തിലെ മുറിഞ്ഞപുഴ വനത്തിൽ തീ പടർന്ന് ഏക്കർ കണക്കിന് സ്ഥലങ്ങളിലെ മരങ്ങളും പുൽമേടുകളും കത്തിനശിച്ചു. ജനവാസ മേഖലകളിൽ നിന്ന് കിലോമീറ്ററുകൾ ദൂരത്തിൽ ഉൾവനത്തിലാണ് തീ പടർന്നത്.
കഴിഞ്ഞ ഞായറാഴ്ച മുതൽ പടരുന്ന തീയിൽ നിരവധി മരങ്ങളും ഏക്കർ കണക്കിന് പുൽമേടുകളും നശിച്ചു. 200 ഏക്കറിലധികം സ്ഥലങ്ങളിൽ തീ പടർന്നു. അഴുതയാർ തീരം, മുത്തൻ മല, പന്നിയാർ തീരം, പുറക്കയം, വളഞ്ചാങ്കാനം പ്ലാക്കത്തടം കോളനി തുടങ്ങിയ മേഖലകളിലാണ് തീ പടർന്നത്.
പ്ലാക്കത്തടത്തിന് സമീപം യൂക്കാലി പ്ലാന്റേഷനിലും തീകയറി. നായാട്ടുകാരുടെ സാന്നിധ്യമുണ്ടെന്ന് പരാതി ഉയരുന്ന മേഖലകളിലാണ് തീ. എല്ലാവർഷവും ഈ മേഖലകളിൽ തീ പടരുന്നത് പതിവാണ്. ദേശീയപാതയുടെ വശങ്ങളിലുള്ള വളഞ്ചാങ്കാനം. തട്ടാത്തിക്കാനം തുടങ്ങിയ സ്ഥലങ്ങിലെ വനഭൂമിയും തീ ഭീഷണിയിലാണ്.
ഫയർ ലൈൻ നിർമിക്കാത്തതിനാൽ തീ കയറാനുള്ള സാധ്യത ഏറെയാണ്. പെരുവന്താനത്തിന് സമീപം മേലോരം ഉറുമ്പിക്കര മേഖലകളിലെ വനഭൂമിയിലും തീ കയറിയിരുന്നു. മേലോരത്തെ റവന്യുഭൂമിയിലെ പുൽമേടുകളും കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.