ഇടിമിന്നൽ ഭീതിയിൽ മലയോരം
text_fieldsതൊടുപുഴ: വേനൽമഴ ശക്തി പ്രാപിച്ചതോടെ മലയോരം ഇടിമിന്നൽ ഭീതിയിൽ. വെള്ളിയാഴ്ച ജില്ലയിലെ ടൂറിസം കേന്ദ്രത്തിലെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ ജ്യോതിഷാണ് (30) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയുണ്ടായ മഴയിലാണ് സംഭവം. സമുദ്രനിരപ്പിൽനിന്ന് ഉയരംകൂടിയ ഭാഗമായിരുന്നു ഇവിടം. രണ്ടുദിവസമായി വേനൽ മഴയോടൊപ്പം കടുത്ത മിന്നലും ജില്ലയിൽ ഭീതിവിതക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ മിന്നലേറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടിവീഴാനും പോസ്റ്റുകൾ ഒടിയാനും സാധ്യത കൂടുതലാണ്.
ഇത്തരം അപകടം ശ്രദ്ധയിൽപ്പെട്ടാലുടൻ കെ.എസ്.ഇ.ബി കൺട്രോൾ റൂം നമ്പറിൽ വിവരമറിയിക്കണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം.ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലോ ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.