വേദനയാകരുത് വേനലവധി
text_fieldsതൊടുപുഴ: സ്കൂളുകളും വിദ്യാലയങ്ങളും അടച്ചതോടെ വേനലവധി ആഘോഷിക്കാൻ പുറപ്പെടുന്നവർ ശ്രദ്ധിക്കുക. ഈ യാത്ര ഒടുവിലത്തേതാവാതിരിക്കാൻ കടുത്ത ജാഗ്രത വേണം. ഇനിയുമിനിയും ഒത്തിരി യാത്രകൾ ബാക്കിയുള്ളതാണ്.
നിരവധി ജലാശയങ്ങളും അണക്കെട്ടുകളുമുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വേനലവധിക്കാലത്ത് മിക്കവരുടെയും പ്രധാന ലക്ഷ്യം.
നീന്തൽ അറിയാവുന്നവരും അല്ലാത്തവരും വെള്ളം കണ്ട ആവേശത്തിൽ ജലാശയത്തിലേക്കിറങ്ങുമ്പോൾ ഉണ്ടാവുന്ന അപകടങ്ങൾ ഇടുക്കിയുടെ തുടർക്കഥയാണ്. സ്കൂൾ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽപെടുന്നത് ചങ്കുപൊടിയുന്ന അനുഭവമാണ്.
മലങ്കര ജലാശയത്തിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. അപകടവും ഏറെയാണ് ഇവിടെ. കാഞ്ഞാറിന്റെയും പരിസരങ്ങളുടെയും മനോഹാരിത ആസ്വദിക്കാൻ നിരവധി പേർ എത്താറുണ്ട്. കാഴ്ചകൾ കണ്ട് മലങ്കര ജലാശയത്തിന്റെ ആഴമോ പരപ്പോ അറിയാതെ ആവേശത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നത്. തൊമ്മൻകുത്ത് പുഴയിലും പൊന്മുടി ജലാശയത്തിലുമൊക്കെ ഇത്തരം അപകടങ്ങൾ പതിവ് വാർത്തകളാണ്.
പലയിടങ്ങളിലും മുന്നറിയിപ്പുകളോ സുരക്ഷ ഉദ്യോഗസ്ഥരോ ഇല്ലാത്തതും അപകടങ്ങളുടെ ആഴം വർധിപ്പിക്കുന്നു. വേനലവധി വേദനയിൽ കലാശിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് സുരക്ഷ ജീവനക്കാരും നൽകുന്നത്.
ജലാശയങ്ങളിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കുക...
- ജലാശയങ്ങളുടെ ആഴവും അപകടവും വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സുരക്ഷ ജീവനക്കാരെയും നിയോഗിക്കുക.
- കഴിയുന്നതും കുട്ടികളെ ജലാശയങ്ങളിൽ ഇറക്കാതിരിക്കുക
- അഥവ ഇറങ്ങിയാൽ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമാവുക.
- വെള്ളം കെട്ടിനിൽക്കുന്നിടത്ത് ഇറങ്ങുമ്പോൾ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക.
- ലഹരി ഉപയോഗിച്ച ശേഷം ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടം രൂക്ഷമാക്കും.
- അപകടത്തിൽപെട്ടയാളെ രക്ഷിക്കാൻ എടുത്ത് ചാടുന്നത് കൂടുതൽ അപടമാണ്.
- ഇത്തരം സാഹചര്യങ്ങളിൽ കമ്പോ കയറോ തുണിയോ എറിഞ്ഞുകൊടുത്ത് വലിച്ചുകയറ്റുന്നതാണ് സുരക്ഷിതം.
- അസുഖമുള്ളവർ, അപസ്മാര രോഗികൾ, ഹൃദ്രോഗികൾ എന്നിവർ വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത വേണം.
- അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ഒരുകാരണവശാലും അവഗണിക്കാതിരിക്കുക.
മലങ്കരയിലെ മരണച്ചുഴികൾ
കാഞ്ഞാർ: മുട്ടം മുതൽ മൂലമറ്റം വരെ പരന്നുകിടക്കുന്ന മലങ്കര ജലാശയത്തിൽ നിരവധി ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. നീന്തൽ അറിയുന്നവരും അറിയാത്തവരും ഇതിൽപെടുന്നു. ജലാശയത്തിന്റെ ആഴവും പരപ്പും അറിയാതെ കുളിക്കാൻ ഇറങ്ങുന്നതാണ് ഇതിൽ അധികവും. കാഴ്ചയിൽ സമതലമെന്ന് തോന്നുമെങ്കിലും നടുവിലേക്ക് എത്തുംതോറും അഗാധമായ കുഴിയാണ്.
അടിത്തട്ടിൽ കാലു പുതഞ്ഞുപോകുന്ന വിധത്തിൽ ചളിയും. കുത്തൊഴുക്കും അടിയൊഴുക്കും മാത്രമല്ല, വെള്ളത്തിൽ മറഞ്ഞിരിക്കുന്ന ചളിയും പാറക്കെട്ടുകളും നീന്തൽ അറിയുന്നവരെപ്പോലും അപകടത്തിലാക്കും.
മുന്നറിയിപ്പ് ബോഡുകളും സുരക്ഷ ഉദ്യോഗസ്ഥരോ ഇല്ലാത്തതാണ് അപകടം ഉണ്ടാകാൻ പ്രധാന കാരണം. കാഞ്ഞാർ, മുട്ടം, മൂലമറ്റം പ്രദേശങ്ങളിലാണ് അപകടങ്ങളിൽ കൂടുതലും. നീന്തൽ അറിയാവുന്നവരും അപകടത്തിൽപെടുന്നത് ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലാണ്. കാണുമ്പോൾ ശാന്തമായിക്കിടക്കുമെങ്കിലും ഈ പ്രദേശങ്ങളിൽ അടിയൊഴുക്കു ശക്തമാണ്. അതിൽപെട്ടാൽ രക്ഷിക്കാൻ ഏറെ പ്രയാസവുമാണ്.
കാഞ്ഞാറിലെ വാട്ടർഷെഡ് തീം പാർക്കിന് സമീപം നിരവധി വിനോദസഞ്ചാരികളാണ് വിശ്രമിക്കാൻ സമയം ചെലവഴിക്കുന്നത്.
വിശ്രമശേഷം പരന്നുകിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാഴ്ചയിൽ ആഴവും ഒഴുക്കും തോന്നാത്തതിനാൽ വെള്ളത്തിലിറങ്ങും. അപ്പോഴാണ് അപകടം മനസ്സിലാവുക. അതോടെ ഭയന്നുപോകുന്നവർ മുങ്ങിത്താഴും. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.