സപ്ലൈകോ കാലി വെറുംകൈയോടെ ഉപഭോക്താക്കൾ
text_fieldsതൊടുപുഴ: സബ്സിഡി ഇനങ്ങൾ തൊടുപുഴ സപ്ലൈകോ ഡിപ്പോയിൽ ഏതാണ്ട് തീർന്നു. ഇതോടെ വിൽപനകേന്ദ്രങ്ങളിൽ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്.
തൊടുപുഴയിലെ സപ്ലൈകോ മാവേലി നിലവിൽ സബ്സിഡി ഉൽപന്നങ്ങളിൽ നാല് ഇനങ്ങൾ മാത്രമാണ് കഷ്ടിച്ച് ലഭ്യമായുള്ളൂ.
ഓണത്തിനാണു സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് വിൽപനകേന്ദ്രങ്ങളിൽ എത്തിയതെന്നു ജീവനക്കാർ പറയുന്നു. ഒക്ടോബർ രണ്ടാംവാരം വരെ ചെറുപയർ, പഞ്ചസാര, മല്ലി, മുളക് എന്നിവ ഉണ്ടായിരുന്നു. സാധനങ്ങൾ ഇല്ലാത്ത വിവരം അറിയാതെ എത്തുന്ന ഉപഭോക്താക്കൾ വെറുംകൈയോടെ മടങ്ങേണ്ടി വരുകയാണ്. തൊടുപുഴ സപ്ലൈകോ ഡിപ്പോക്ക് കീഴിൽ 12 മാവേലി സ്റ്റോർ, എട്ട് സൂപ്പർമാർക്കറ്റ്, ഒരു പീപ്പിൾസ് ബസാർ എന്നിങ്ങനെ 21 ഔട്ലെറ്റുകളാണ് ഉള്ളത്.
എല്ലായിടത്തും സമാന സ്ഥിതിയാണ്. സബ്സിഡി ഉൽപന്നങ്ങൾ സുലഭമായാൽ അവക്കൊപ്പം മറ്റ് ഉൽപന്നങ്ങളും സപ്ലൈകോയിൽനിന്നു തന്നെ ആളുകൾ വാങ്ങും. സപ്ലൈകോ വില കുറച്ചു നൽകുമ്പോൾ, സബ്സിഡി സർക്കാറാണു നൽകുന്നത്. എന്നാൽ, ഈ തുക നൽകാൻ വൈകുന്നതാണ് സാധനങ്ങൾ സുലഭമല്ലാത്തതിന് കാരണം. ഒരാഴ്ചകൂടി കഴിഞ്ഞാൽ നിലവിലുള്ള സാധനങ്ങളും തീരും.
സബ്സിഡി സാധനങ്ങൾ ചെറുപയർ, ഉഴുന്ന്, കടല, വെള്ളപ്പയർ, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുത്തരി, പച്ചരി, വടിഅരി ഇവയാണ്.
സാധനങ്ങളുടെ പർച്ചേസിങ് ഓർഡർ നടപടി പുരോഗമിക്കുകയാണെന്നും സാധനങ്ങൾ ഉടൻ വിതരണം ആരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.