കൊടുംചൂട്; ജനത്തെ വലച്ച് വൈദ്യുതി മുടക്കം
text_fieldsതൊടുപുഴ: ചുട്ടുപൊള്ളുന്ന വേനലിൽ അപ്രഖ്യാപിതമായി വൈദ്യുതി മുടക്കവും. എ.സിയോ ഫാനോ ഇല്ലാതെ അൽപനേരം പോലും വീടിനകത്തു കഴിയാത്ത വിധം കൊടുംചൂട് അനുഭവപ്പെടുമ്പോഴാണ് കെ.എസ്.ഇ.ബിയുടെ വക പ്രഹരം. രാത്രിയും പകലുമില്ലാതെ അടിക്കടി വൈദ്യുതി മുടങ്ങുകയാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ മുൻകൂട്ടി അറിയിപ്പ് നൽകിയുള്ള വൈദ്യുതി മുടക്കത്തിനു പുറമെയാണ് അപ്രഖ്യാപിത വൈദ്യുതിമുടക്കം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്. കാരണം തിരക്കി കെ.എസ്.ഇ.ബി ഓഫിസിൽ വിളിച്ചാൽ നോക്കുന്നുണ്ട് ഇപ്പോൾ വരും എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു. വൈദ്യുതി വന്നാലും വീണ്ടും പോകും.
മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുമ്പോൾ ബേക്കറികളിലും ഹോട്ടലുകളിലും പാൽ, ഐസ്ക്രീം ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ കേടായി വലിയ നഷ്ടം നേരിടുന്ന സ്ഥിതിയുമുണ്ട്. രാത്രിയാണ് വൈദ്യുതി നിലക്കുന്നതെങ്കിൽ പലപ്പോഴും പിറ്റേദിവസമാകും പുനഃസ്ഥാപിക്കുക. ഇടവിട്ടുള്ള വൈദ്യുതി മുടക്കം ടൗണിലെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു. അർധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീളും. ചൂടുമൂലം ഉണർന്നിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ വൈദ്യുതി മുടങ്ങിയാൽ ചൂട് സഹിച്ചു കഴിയുകയേ നിവൃത്തിയുള്ളൂ. വീടുകളിൽ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തതും ജനത്തെ പ്രതിസന്ധിയിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.