മീറ്റർ റീഡിങ്ങിൽ കൃത്രിമം; കെ.എസ്.ഇ.ബി നടപടി തുടരുന്നു
text_fieldsതൊടുപുഴ: മീറ്റർ റീഡിങ്ങിൽ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ ഒരു ജീവനക്കാരനെതിരെ കൂടി നടപടി. തൊടുപുഴ സെക്ഷൻ വൺ ഓഫിസിലെ ഓവർസീയർ തോമസ് മാത്യുവിനെയാണ് സസ്പെൻഡ് ചെയ്തത്. കെ.എസ്.ഇ.ബി വിജിലൻസിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി. മൂന്നുമാസം മുമ്പ് സെക്ഷൻ ഒന്നിലെ മീറ്റർ റീഡിങ് എടുത്തിരുന്ന കരാർ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനും സീനിയർ അസിസ്റ്റന്റിനുമെതിരെ സസ്പെൻഷൻ നടപടിയുമെടുത്തിരുന്നു.
ഇതിനുശേഷം കഴിഞ്ഞമാസം അവസാനം ഒരു അസി. എൻജിനീയറെയും രണ്ട് സബ് എൻജിനീയർമാരെയും സസ്പെൻഡ് ചെയ്തിരുന്നു. പിരിച്ചുവിട്ട കരിമണ്ണൂർ സ്വദേശിയായ കരാർ ജീവനക്കാരൻ രണ്ടുവർഷത്തോളം മീറ്റർ റീഡിങ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തിയത്. കരാർ ജീവനക്കാരനെ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തത്.
മേയിൽ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിങ്ങിൽ പ്രകടമായ മാറ്റം കണ്ടെത്തി. ആ മാസം 140 ഓളം ഉപഭോക്താക്കൾക്ക് ബിൽ വളരെയധികം കൂടി. ശരാശരി 2000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി കുത്തനെ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് വർധന കണ്ടെത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റർ റീഡിങ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ റീഡിങ്ങിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാർഥ റീഡിങ്ങിനെക്കാൾ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്.
എന്തിനാണ് ഇയാൾ ഇത് ചെയ്തതെന്ന് വ്യക്തമായില്ല. തുടർന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലൻസിന് കൈമാറിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ മാസവും തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കൾക്ക് വൻതുകയുടെ വൈദ്യുതി ബിൽ ലഭിച്ചു.
ശരാശരി 2000- 2500 രൂപ തോതിൽ ബിൽ വന്നിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപ വരെയാണ് വന്നത്. പിരിച്ചുവിട്ട മീറ്റർ റീഡർ നേരത്തേ റീഡിങ് എടുത്തിരുന്ന മേഖലയിലാണ് വീണ്ടും ബില്ലിൽ ക്രമക്കേട് ഉണ്ടായതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി ഓഫിസുകളിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. തൊടുപുഴയിലെ പോലെ എന്തെങ്കിലും ക്രമക്കേടുകളോ തിരിമറിയോ ഉണ്ടോയെന്നാണ് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം പ്രധാനമായും പരിശോധിച്ചത്. എന്നാൽ, ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.