പരിശോധന തുടരുന്നു; ഭക്ഷണം നല്ലതല്ലെങ്കിൽ വിൽക്കേണ്ട
text_fieldsതൊടുപുഴ: ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ പരിശോധന തുടരുന്നു. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിലെ മത്സ്യവില്പനശാലകള്, ജ്യൂസ് കടകള്‍, ഷവര്‍മ കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
തൊടുപുഴ മേഖലയിലെ പരിശോധനയിൽ മാവിന്‍ചുവട്, മുതലക്കോടം, കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നായി 18 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസന്‍സ് ഹാജരാക്കാത്തതിനാല്‍ മങ്ങാട്ടുകവലയിലെ ഒരു മത്സ്യവില്‍പനശാലക്ക് പിഴയോടുകൂടി നോട്ടീസ് നല്കി. കരിമണ്ണൂര്‍, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളില്‍ മൂന്ന് സ്ഥാപനങ്ങളുടെ പാചകപ്പുര വൃത്തിഹീനമാണെന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പിഴയോടുകൂടി നോട്ടീസ് നല്കി.
കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ നടത്തിയ 15 പരിശോധനകളില്‍ കട്ടപ്പന ഭാഗത്തെ മൂന്ന് തട്ടുകടക്ക് നോട്ടീസ് നല്കി. തൊടുപുഴയിലും കട്ടപ്പനയിലും ഷെയ്ക്ക് വിൽക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ഉപയോഗ കാലാവധി കഴിഞ്ഞ 85ഓളം പാല് പാക്കറ്റുകള്‍ നശിപ്പിച്ചു.
കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ കുമളി, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, തൊടുപുഴ, കട്ടപ്പന എന്നിവടങ്ങളില്‍ നടത്തിയ 62 പരിശോധനകളില്‍ 11 സ്ഥാപനങ്ങള്‍ക്ക് വിവിധ ന്യൂനതകള്ക്കായി നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴയോടുകൂടിയ നോട്ടീസ് നൽകി. ജില്ലയില്‍ വരും ദിവസങ്ങളില്‍ മത്സ്യവിൽപന സ്റ്റാളുകൾ, ഷവര്‍മ കടകള്‍, ജ്യൂസ് കടകള്‍ എന്നിവിടങ്ങളിൽ പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധന സമയത്ത് ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും പിഴ ചുമത്തുകയും ചെയ്യും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകപ്പുര പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എൻ. ഷംസിയ പറഞ്ഞു.
പീരുമേട് ഭക്ഷ്യസുരക്ഷ ഓഫിസര്‍ എസ്. പ്രശാന്ത്, ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷ ഓഫിസര്‍ ആന്‍ മേരി ജോണ്സണ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.