അധികൃതർ കണ്ണുതുറന്നു; ആശുപത്രി റോഡിന് ആശ്വാസം
text_fieldsതൊടുപുഴ: രോഗികളുമായി നെഞ്ചിടിക്കാതെ ഇനി നല്ല റോഡിലൂടെ ജില്ല ആശുപത്രിയിലേക്ക് എത്താം. വർഷങ്ങളായി തകർന്നുകിടന്ന തൊടുപുഴ ജില്ല ആശുപത്രിയിലേക്കുള്ള റോഡിൽ ശനിയാഴ്ച മുതൽ വീതികൂട്ടലും ടാറിങ്ങടക്കമുള്ള ജോലികളും ആരംഭിച്ചു. വെള്ളിയാഴ്ച മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണി നടക്കുന്നത്. തൊടുപുഴ ന്യൂമാന്‍ കോളജ് റോഡ് വഴിയുള്ള ആശുപത്രിയുടെ പിന്‍വശത്തെ കവാടത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ എത്താനുള്ള സൗകര്യം ചെയ്തിരിക്കുന്നത്.
തകർന്ന് തരിപ്പണമായ ഈ റോഡിലൂടെ അത്യാസന്ന നിലയിലുള്ള രോഗിയുമായി ഒപ്പമുള്ളവർ ഏറെ സാഹസികമായാണ് ആശുപത്രിയിലെത്തിയിരുന്നത്. ഇത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.അപകടത്തിൽ പരിക്കേറ്റവരടക്കമുള്ള രോഗികളുമായി ദിവസവും നിരവധി ആംബുലൻസുകൾ സഞ്ചരിക്കുന്ന വഴിയാണെങ്കിലും പലകാരണങ്ങൾ കൊണ്ട് ജോലികൾ നീണ്ടു. പലതവണ ഇരുചക്രവാഹനയാത്രികർ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട് വീണ് പരിക്കേറ്റിട്ടുണ്ട്.
വളരെ ഇടുങ്ങിയ റോഡായതിനാൽ ഇരുവശത്തുനിന്നെത്തുന്ന വാഹനങ്ങൾ ഇതുവഴി കടന്നുപോകാനും ബുദ്ധിമുട്ടായിരുന്നു. മങ്ങാട്ടുകവല-കാരിക്കോട് റോഡിൽനിന്ന് ജില്ല ആശുപത്രിയിലേക്ക് 100 മീറ്ററിൽ താഴെ മാത്രമാണ് ഈ പാതയുടെ ദൂരം. ഇവിടെയുള്ള റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളടക്കം വന്നതോടെ നീണ്ടുപോയി.
വെള്ളിയാഴ്ച രാത്രി റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവരുമായി ചില തർക്കം ഉണ്ടായെങ്കിലും നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. ഇവിടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ബോർഡുകളടക്കം എടുത്തുമാറ്റി ആറ് മീറ്റർ വീതിയിൽ ടാർ ചെയ്യാൻ നിർദേശം നൽകിയതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. രണ്ട് വാഹനം കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് വീതികൂട്ടി ടാറിങ് നടക്കുന്നത്. തിങ്കളാഴ്ചയോടെ റോഡ് തുറന്ന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.