റെയ്ഡും കേസുകളും തകൃതി; അപ്പോഴും ജില്ല ലഹരിയുടെ ഉന്മാദത്തിൽ...
text_fieldsതൊടുപുഴ: പിന്നിട്ട ആറുമാസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 2852 ലഹരി കേസ്. ഈ വർഷം ഇതുവരെ 1596 ലിറ്റർ വിദേശമദ്യവും 31.43 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും 25.37 കിലോഗ്രാം കഞ്ചാവും പിടികൂടി. 30.456 ഗ്രാം ഹഷീഷ് ഓയിലും 7.704 ഗ്രാം മെത്താം ഫെറ്റാമിനും 0.754 എം.ഡി.എം.എയും 0.037 ഗ്രാം എൽ.എസ്.ഡിയും പിടികൂടി.
നിരോധിത പുകയില ഉൽപന്നങ്ങളുടെ കടത്തിനും വിൽപനക്കുമാണ് കേസുകൾ ഏറെയും. പുകയിലയുമായി ബന്ധപ്പെട്ട് കോപ്ട നിയമപ്രകാരം 1993 കേസുണ്ട്. പിഴയായി 3.98 ലക്ഷം രൂപ ഈടാക്കി. ആറുമാസത്തിനിടെ 5093 റെയ്ഡ് നടത്തി. മറ്റ് വകുപ്പുകളുമായി സഹകരിച്ച് 230 പരിശോധനകളും ലഹരി കടത്തിയ ആറ് വാഹനങ്ങളും തൊണ്ടിയായി 8300 രൂപയും പിടിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് അബ്കാരി കേസിലും വർധനയുണ്ട്. ജൂൺ വരെയുള്ള കണക്കു പ്രകാരം 482 കേസെടുത്തു. 462 പ്രതികളെ കണ്ടെത്തി. 456 പേരെ പിടികൂടി. മദ്യക്കച്ചവടത്തിന് ഉപയോഗിച്ച 27 വാഹനവും പിടിച്ചു. മദ്യവിൽപന നടത്തിയ 51,470 രൂപയും എക്സൈസ് പിടിച്ചെടുത്തു. ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും അന്വേഷണം പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രം ഒതുങ്ങുന്നതാണ് ദുര്യോഗം. ഇക്കാരണത്താൽ ലഹരിലോബി രക്ഷപ്പെടുകയും മാഫിയ ശക്തമായി തുടരുകയുമാണ്.
തൊടുപുഴ എക്സൈസ് റേഞ്ച് ഓഫിസ് പരിധിയിൽ 287 കേസാണെടുത്തത്. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തിയത് 34 കേസുകളിൽ. 90 അബ്കാരി കേസിലായി 169 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 330 ലിറ്റർ കോട, ഏഴ് ലിറ്റർ ചാരായം, എട്ട് ലിറ്റർ കള്ള് എന്നിവയും പിടികൂടി. നിരോധിത പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് 163 കേസിലായി 32,600 രൂപ പിഴയിട്ടു.
കട്ടപ്പന റേഞ്ചിൽ 65 അബ്കാരി കേസാണ് ഈ കാലയളവിലുണ്ടായത്. എൻ.ഡി.പി.എസ് കേസ് 17ഉം. 166 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പത്ത് ലിറ്റർ ചാരായവും110 ലിറ്റർ കോടയും പിടിച്ചു. അഞ്ച് കേസിലായി ഒരു ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 42 മയക്കുമരുന്ന് കേസാണ് ആറുമാസത്തിനിടെ മൂന്നാർ മേഖലയിൽ രജിസ്റ്റർ ചെയ്തത്. നാല് കഞ്ചാവ്, രണ്ട് എം.ഡി.എം.എ കേസുകളും ഹഷീഷ് ഓയിലുമായി ബന്ധപ്പെട്ട ഒരു കേസും. അബ്കാരി കേസുകൾ മാത്രം 38ഉം.
മറയൂർ റേഞ്ചിൽ 49 കേസാണെടുത്തത്. മദ്യവിൽപനയുമായി ബന്ധപ്പെട്ട് 24 കേസാണ് രജിസ്റ്റർ ചെയ്തത്. 58 ലിറ്റർ മദ്യവും രണ്ട് ലിറ്റർ സ്പിരിറ്റും കൂടാതെ കഞ്ചാവ് നൂറ് ഗ്രാമും പിടിച്ചു.ഉടുമ്പൻചോലയിൽ 110 കേസാണ് പിടികൂടിയത്. 32 കിലോഗ്രാം കഞ്ചാവ് പിടിച്ചു. 350 ലിറ്റർ വിദേശമദ്യവും പിടിച്ചു. 78 അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. 60 ലിറ്റർ ചാരായം. 6000 ലിറ്റർ കോട എന്നിവയും പിടകൂടി. വണ്ടിപ്പെരിയാർ റേഞ്ചിൽ 235 കേസെടുത്തു. ഇതിൽ മുപ്പതെണ്ണം കഞ്ചാവ് കേസാണ്. 40 അബ്കാരി കേസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.