ഷോക്കേറ്റ് മരിച്ച കരാർ തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: കെ.എസ്.ഇ.ബി വണ്ടിപ്പെരിയാർ സെക്ഷന് കീഴിൽ കൊക്കക്കാട് ഭാഗത്ത് വഴിവിളക്കുകൾ മാറ്റിയിടുന്നതിനിടെ കഴിഞ്ഞവർഷം ഡിസംബർ രണ്ടിന് ഷോക്കേറ്റ് മരിച്ച സാലിമോന്റെ (48) കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
ഏഴുലക്ഷം രൂപ വൈദ്യുതി ബോർഡും മൂന്നുലക്ഷം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തും നഷ്ടപരിഹാരം നൽകണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
നഷ്ടപരിഹാരത്തുക ഉത്തരവാദികളായ വൈദ്യുതി ബോർഡ് ജീവനക്കാരിൽനിന്നും ബോർഡിന് ഈടാക്കാം. ലൈസൻസില്ലാത്ത കരാറുകാരന് അടിയന്തര സാഹചര്യത്തിന്റെ പേരിൽ കരാർ നൽകിയ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന് കരാറുകാരനിൽനിന്നും സിവിൽ നടപടിക്രമത്തിലൂടെ നഷ്ടപരിഹാര തുക ഈടാക്കാവുന്നതാണ്. ചട്ടങ്ങൾ പാലിക്കാതെ കരാർ നൽകിയ പഞ്ചായത്ത് സെക്രട്ടറിയും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് ഉത്തരവിൽ പറയുന്നു.
ഉത്തരവ് ലഭിച്ച് മൂന്നുമാസത്തിനകം പത്തുലക്ഷം രൂപ സാലിമോന്റെ കുടുംബത്തിന് കൈമാറണമെന്ന് കമീഷൻ വൈദ്യുതി ബോർഡ് ചെയർമാനും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും ഉത്തരവ് നൽകി.
വീഴ്ച വരുത്തിയാൽ അവസാന തീയതിക്ക് പിറ്റേന്ന് മുതൽ എട്ട് ശതമാനം വാർഷിക പലിശ നൽകേണ്ടിവരുമെന്നും ഉത്തരവിൽ പറഞ്ഞു.
ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് സത്രം ഭാഗത്തേക്കുള്ള തീർഥാടന പാതയിൽ വഴിവിളക്ക് സ്ഥാപിക്കാനാണ് കരാർ നൽകിയത്. കരാറുകാരന് ബി ക്ലാസ് ലൈസൻസ് ഉണ്ടായിരുന്നില്ല. അടിയന്തര സാഹചര്യത്തിൽ ലൈസൻസ് ഇല്ലാത്തയാൾക്ക് കരാർ നൽകുന്നതിൽ തെറ്റില്ലെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഫോണിൽ അനുവാദം നൽകിയതായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. ബോർഡ് മേൽനോട്ടം വഹിക്കാമെന്നും വാക്കുനൽകി. വൈദ്യുതി ബോർഡിന്റെ മേൽനോട്ടത്തിൽ നടന്ന പ്രവൃത്തിയിൽ ഒരാൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിക്കല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന ദിവസം മേൽനോട്ടം വഹിച്ച അഞ്ച് ഓവർസിയർമാരിൽ മൂന്നുപേർ അവധിയിലായിരുന്നുവെന്ന് വൈദ്യുതി ബോർഡ് കമീഷനെ അറിയിച്ചു. രണ്ടുപേർ മറ്റ് ജോലികൾക്ക് നിയോഗിക്കപ്പെട്ടു.
10 വർഷം പരിചയമുള്ള ഒരു ലൈൻമാനെയാണ് മേൽനോട്ടച്ചുമതല ഏൽപിച്ചിരുന്നത്. പണി നടക്കുമ്പോൾ ലൈൻ ഓഫാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ലൈൻ ഓഫ് ചെയ്തിരുന്നില്ലെന്നാണ് പറയുന്നത്. നിലവിലെ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തിയാണ് കരാർ നൽകിയതെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. വൈദ്യുതി ബോർഡിന്റെ മാത്രം ചുമതലയിലുള്ള ഇലക്ട്രിക് ജോലികൾ ഒരു മാനദണ്ഡവും സുരക്ഷാമുൻകരുതലും എടുക്കാതെ നൽകിയത് ഗുരുതര വീഴ്ചയാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. മേൽനോട്ടത്തിന് ഉദ്യോഗസ്ഥരെപ്പോലും നിയോഗിച്ചില്ല. ലൈസൻസില്ലാത്ത കരാറുകാരന് കരാർ നൽകിയത് വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ വീഴ്ചയാണ്. സാലിമോന്റെ മരണത്തിന് ഉത്തരവാദികളായ രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടെത്തി ഉചിതമായ നടപടിയെടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. വൈദ്യുതി ബോർഡും പഞ്ചായത്തും സമർപ്പിച്ച റിപ്പോർട്ടുകൾ മനുഷ്യജീവന് വിലകൽപിക്കാത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. വണ്ടിപ്പെരിയാർ വടക്കേവിളയിൽ മുൻ പഞ്ചായത്തംഗം എം.എം. ജോർജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.