ആട് കിണറ്റിൽ ചാടി; കുട്ടികൾ കരഞ്ഞുകൊണ്ട് സ്റ്റേഷനിൽ
text_fieldsകരിമണ്ണൂർ: കരഞ്ഞുകൊണ്ട് കരിമണ്ണൂർ സ്റ്റേഷനിലേക്ക് എത്തിയ കുട്ടികളെ കണ്ട് ആദ്യം പൊലീസ് ഒന്നമ്പരന്നു. പിന്നീട് കാര്യംതിരക്കി. തങ്ങൾ ഓമനിച്ച് വളർത്തിയ ആട്ടിൻകുട്ടി കിണറ്റിൽ വീണെന്നും എത്രയും വേഗം രക്ഷിക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം. പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പയ്യക്കുടിയിൽ അനൂപിന്റെ മക്കളായ അഭിനവ്, ശരൺ എന്നിവരാണ് ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷനിലേക്ക് എത്തിയത്.
ഉടൻ സീനിയർ സി.പി.ഒ ജോബിൻ, ജനമൈത്രി ബീറ്റ് ഓഫിസർ ഷരീഫ്, ഡ്രൈവർ ജിബിൻ എന്നിവർ കുട്ടികളുടെ വീട്ടിലെത്തി. വീട്ടുകാരും അയൽവാസികളും ചേർന്ന് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ആട് വെള്ളംകുടിച്ച് അവശനിലയിലായിരുന്നു. സ്റ്റേഷനിൽ നിന്നു കൊണ്ടുവന്ന വടം ഉപയോഗിച്ച് വലിയ ചരുവം ഇറക്കി ആടിനെ ഒരുവിധം അതിനുള്ളിലാക്കി. പക്ഷേ, ആട് അവശനിലയിലായതിനാൽ രക്ഷാപ്രവർത്തനം സാധ്യമായില്ല. തൊടുപുഴയിൽനിന്ന് എത്തിയ അഗ്നി രക്ഷസേന വല ഉപയോഗിച്ച് കിണറ്റിലിറങ്ങി ആടിനെ പുറത്തെടുത്ത് കുട്ടികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.