മനുഷ്യാവകാശ കമീഷൻ ഇടപെട്ടു: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായ 38പേർക്ക് ആറുലക്ഷം വീതം
text_fieldsതൊടുപുഴ: 2019 ആഗസ്റ്റിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട 38പേർക്ക് വീട് നിർമിക്കാനും സ്ഥലം വാങ്ങാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആറുലക്ഷം വീതം അനുവദിച്ചതായി സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഇവർക്ക് സ്ഥലം വാങ്ങിയതിനുശേഷം വീട് നിർമിക്കാനുള്ള ധനസഹായം കലക്ടറേറ്റിൽനിന്ന് നേരിട്ട് അനുവദിക്കും. 22 മാസമായി വാടകവീട്ടിൽ താമസിക്കുന്ന കട്ടപ്പന എളവപ്പാറ സ്വദേശി സുമി ഹരിയുടെ പരാതിയിൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ഈ വിഷയത്തിൽ കമീഷൻ ദുരന്തനിവാരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റീബിൽഡ് കേരള മൊബൈൽ ആപ്പിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർ എന്ന വിഭാഗം ലഭ്യമല്ലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തേണ്ട ഉപഭോക്താക്കളെ വീടിന് 75 ശതമാനം നാശനഷ്ടം സംഭവിച്ച വിഭാഗത്തിൽ ഉൾപ്പെടുത്തി.
ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട 38 ഗുണഭോക്താക്കളെ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥലംവാങ്ങുന്നതിന് ആറുലക്ഷം രൂപയോ ആധാരത്തിലുള്ള തുകയോ അനുവദിക്കാൻ തീരുമാനമായി. വീട് പുനർനിർമിക്കാൻ നാലുലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടിക ഇടുക്കി കലക്ടർ നൽകിയിട്ടുണ്ട്. പരാതിക്കാരിയായ സുമി ഹരിക്കും തുക അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.