പാറക്കടവ് മഞ്ഞമാവിൽ പുലിയുടെ സാന്നിധ്യം
text_fieldsതൊടുപുഴ: പാറക്കടവ് മഞ്ഞമാവ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇല്ലിചാരിയിലെ കാമറയിൽ പതിഞ്ഞ പുലിയാണ് മഞ്ഞമാവിലും എത്തിയതെന്നാണ് നിഗമനം.
ഇല്ലിചാരിയോട് ചേർന്നുകിടക്കുന്ന ഈ മേഖലയാകെ വിഹരിക്കുന്ന പുലിയുടെ സാന്നിധ്യവും സമീപപ്രദേശമായ പൊട്ടൻപ്ലാവിൽ ആണെന്ന് തെളിഞ്ഞു.
ഇല്ലിചാരിയിൽ സ്ഥാപിച്ച കൂട് പൊട്ടൻപ്ലാവിലേക്ക് മാറ്റി പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ തീവ്രമാക്കും. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ മഞ്ഞമാവിൽ പരിശോധന നടത്തി. അജ്ഞാത ജീവി ആക്രമിച്ചുകൊന്ന നിലയിൽ കുറുക്കന്റെ ജഡം കണ്ടെത്തിയ സ്ഥലവും സന്ദർശിച്ചു.
ഒരാഴ്ച മുമ്പ് മഞ്ഞ പുള്ളികളുള്ള ജീവി ഏതാനും നായ്ക്കളെ ഓടിക്കുന്നത് ഒരു കുട്ടി കണ്ടിരുന്നു. അത് പുലിതന്നെ ആവാമെന്ന് നാട്ടുകാർ കരുതുന്നു. വീട്ടിലെ നായ്ക്കൾ രാത്രിയിൽ നിർത്താതെ കുരച്ച കാര്യം മുൻ നഗരസഭ കൗൺസിലർ അരവിന്ദനും ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുലിതന്നെയാണെന്ന നിഗമനത്തിൽ എത്തിയത്. തൊടുപുഴ നഗരസഭ 30ാം വാർഡിൽപെടുന്ന പാറക്കടവ് മഞ്ഞമാവ് പ്രദേശം കരിങ്കുന്നം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നതാണ്. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയിലാണ് ആദ്യം പുലിയെ കണ്ടത്. പ്രദേശത്ത് സ്ഥാപിച്ച നാലു കാമറകളിൽ പുലിയുടെ ഫോട്ടോ പതിഞ്ഞിരുന്നു.
തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പുലി കുടുങ്ങിയില്ല. ഇതിനിടെയാണ് മഞ്ഞമാവിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.