മഴ തുടരുന്നു; ഉടുമ്പൻചോല മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ
text_fieldsതൊടുപുഴ: ജില്ലയിൽ മഴ ശക്തമാകുന്നു. ദിവസങ്ങളായി ഉച്ചകഴിയുന്നതോടെ ഇടിമിന്നലോടുകൂടിയ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്നത്. ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ദേവികുളത്താണ് കൂടുതൽ മഴ ലഭിച്ചത്. 47.6 മി.മി. ഉടുമ്പൻചോല- 41.8 മി.മീ, പീരുമേട്- 15 മി.മീ, ഇടുക്കി- 34.6 മി.മീ, തൊടുപുഴ- 8.3 മി.മീ എന്നിങ്ങനെയാണ് പെയ്ത മഴയുടെ അളവ്.
മഴക്കൊപ്പമുണ്ടാകുന്ന മിന്നൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം മറയൂർ മുളകാംപെട്ടി കുടിയിൽ ഇടിമിന്നലേറ്റ് ദമ്പതിമാർക്ക് പരിക്കേറ്റിരുന്നു. ചെറുതോണിയിൽ കാമാക്ഷി അമ്പലമേട് ജോസിന്റെ വീടിന് മിന്നലേറ്റ് വയറിങ് ഉപകരണങ്ങളെല്ലാം കത്തിനശിച്ചു.
വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ മേരിഗിരി കുപ്പച്ചാംപടി റോഡ് പിളരുകയും സമീപത്തുനിന്ന മരങ്ങൾ ഉൾപ്പെടെ കരിയുകയും ചെയ്തു. ഇടിമിന്നൽ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
നെടുങ്കണ്ടം: ചെമ്മണ്ണാർ ഉടുമ്പൻചോല മേഖലയിൽ മഴയിൽ മണ്ണിടിച്ചിലും കൃഷിനാശവും. അതിശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് ഉടുമ്പൻചോലയിലെ രണ്ട് വീടുകൾ ഭാഗികമായി തകർന്നു.
ശനിയാഴ്ച രാത്രിപെയ്ത ശക്തമായ മഴയിൽ ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിൽ ഉണ്ടായി. ഉടുമ്പൻചോല-ശാന്തൻപാറ റോഡിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചതുരംഗപ്പാറ ഗ്രീൻ വാലി എസ്റ്റേറ്റിലുണ്ടായ ഉരുൾപൊട്ടിലിൽ അരയേക്കറോളം സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച രാത്രി ഇടിമിന്നലിൽ കിഴവിക്കാനം ഇ.എം.എസ് കോളനി സ്വദേശികളായ കുന്നുംപുറത്ത് തെയ്യാമ്മ, നാഗരാജ് ,ഗുരുസ്വാമി എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.