ഇ-സേവ കേന്ദ്രയുടെ സേവനം ഇനി തൊടുപുഴയിലും
text_fieldsതൊടുപുഴ: സുപ്രീംകോടതിയുടെ നിർദേശ പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച മൊബൈൽ ഇ-സേവ കേന്ദ്രത്തിന്റെ സേവനം തൊടുപുഴയിലും ലഭ്യമായി. ശാരീരിക പരിമിതി ഉള്ളവർക്കടക്കം നേരിട്ട് കോടതിയിൽ ഹാജരാകുന്നതിന് പകരം ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നതടക്കമാണ് പ്രയോജനം.
പ്രായമായവര്‍ക്കും ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതുമായ ഗ്രാമീണമേഖലയിൽ ഉൾപ്പെടെ മൊബൈൽ ഇ-സേവ കേന്ദ്രത്തിന്റെ സേവനം ലഭിക്കും. മുന്‍കൂട്ടി നിശ്ചയിച്ചയിക്കുന്ന സ്ഥലത്താണ് വാഹനം എത്തുക. കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റാൻ രണ്ട് കാബിനുകളോടുകൂടി പ്രത്യേകം രൂപകൽപന ചെയ്ത മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മൊബൈൽ ഇ-സേവ കേന്ദ്ര.
പൂര്‍ണമായും ശീതീകരിച്ച അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, യു.പി.എസ്, ജനറേറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ, ഓണ്‍ലൈൻ പകര്‍പ്പ് അപേക്ഷകൾ, കേസുകളുടെ ഇ-ഫയലിങ്, ഇ-പേമെന്റ് സഹായം, കോടതികളുടെ മൊബൈൽ ആപ്ലിക്കേഷനുകളിൽ സഹായിക്കൽ, വെര്‍ച്വൽ കോടതികളിലെ ട്രാഫിക് ചെലാൻ തീര്‍പ്പാക്കൽ, ജില്ലയിലെ വിദൂരപ്രദേശങ്ങളിലെ അഭിഭാഷകര്‍ക്കും വ്യവഹാരികള്‍ക്കും വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ലഭ്യമാക്കൽ, മൊബൈൽ കോടതിയായി പ്രവര്‍ത്തിപ്പിക്കൽ, അദാലത്തിന് മുമ്പുള്ള പരിപാടികൾ, സംവാദ പ്രോഗ്രാമുകൾ, ബോധവത്കരണ പരിപാടികൾ, സാക്ഷിമൊഴി രേഖപ്പെടുത്തൽ തുടങ്ങിയവയും ഇ-സേവ കേന്ദ്രയുടെ പ്രത്യേകതകളാണ്.
കോടതിയുടെ പ്രവർത്തന സമയമനുസരിച്ചാണ് ഇ-സേവ കേന്ദ്രയുടെ പ്രവർത്തനവും. മുട്ടം കോടതി സമുച്ചയത്തിൽ നേരത്തേ പ്രവർത്തനം ആരംഭിച്ച കുടുംബ കോടതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മൊബൈൽ ഇ-സേവ കേന്ദ്രത്തിന്റെ ഫ്ലാഗ്ഓഫ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.