ജീവനക്കാര്‍ മനസ്സുവെച്ചു; കലക്ടറേറ്റ് ക്ലീൻ
text_fieldsതൊടുപുഴ: കലക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അരയുംതലയും മുറുക്കിയിറങ്ങിയപ്പോള്‍ കലക്ടറേറ്റ് വീണ്ടും ക്ലീന്‍. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെപ്പിന് കരുത്ത് പകര്‍ന്നാണ് മുന്‍നിശ്ചയിച്ചതുപോലെ ജൂണ്‍ ഒന്നിന് രാവിലെ തന്നെ ജീവനക്കാര്‍ ഒരു മനസ്സോടെ ഓഫിസ് മുറികള്‍ വിട്ട് മണ്ണിലിറങ്ങിയത്.
മാലിന്യമുക്തം നവകേരളം പ്രചാരണത്തിന്റെ ഭാഗമായാണ് കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍ മെഗാ ശുചീകരണ ഡ്രൈവ് നടന്നത്. രാവിലെ 9 ന് തന്നെ കലക്ടർ ഷീബ ജോര്‍ജ് ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടു. എല്ലാ ഓഫിസുകളില്‍ നിന്നുമുള്ള ജീവനക്കാര്‍ ഒരുമിച്ചിറങ്ങിയതോടെ മണിക്കൂറുകള്‍ക്കകം കലക്ടറേറ്റും പരിസരവും വൃത്തിയായി.
അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സിവില്സ്റ്റേഷന് പരിസരത്തെ കാട് വെട്ടിത്തെളിക്കല്‍, മാലിന്യം നീക്കംചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടന്നത്.
കലക്ടറേറ്റിലെ കാടുമൂടിക്കിടന്ന ബട്ടര്‍ഫ്ലൈ പാര്‍ക്ക് അടക്കമുള്ള ഭാഗങ്ങള്‍ വൃത്തിയാക്കി വീണ്ടെടുത്തു. ഇവിടെ അലങ്കാരച്ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചു.
ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വിവിധ ഓഫിസുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പേപ്പറുകള്‍, കുപ്പികള്‍, ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പഴയ ഫയലുകള്‍ തുടങ്ങിയവ പ്രത്യേകം തരംതിരിച്ചു ഹരിതകര്‍മസേന, ക്ലീന്‍കേരള കമ്പനി എന്നിവക്ക് കൈമാറി. കട്ടപ്പനയിലെ എക്സ് സര്‍വിസ് മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരും ജീവനക്കാരോടൊപ്പം ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.