വഴിവിളക്കുകൾ കണ്ണടച്ചു; പ്രതിഷേധവുമായി കൗൺസിലർമാർ
text_fieldsതൊടുപുഴ: തൊടുപുഴ നഗരത്തിൽ വഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ സമരവുമായി രംഗത്ത്. തൊടുപുഴ നഗരസഭയിൽ വഴിവിളക്കുകൾ നാളുകളായി പ്രകാശിക്കുന്നില്ല. റോഡുകൾ തകർന്നുകിടക്കുകയും ചെയ്യുന്നു. രണ്ട് പ്രശ്നങ്ങളും പരിഹരിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് നാലു വരെ നഗരസഭ ഓഫിസിന് മുന്നിലാണ് ഉപവാസ സമരം നടത്തുക.
നഗരത്തിലെ 35 വാർഡുകളിലെ ഉൾപ്രദേശങ്ങളിൽ 8000ത്തോളം വഴിവിളക്കുകളാണ് ഉള്ളത്. ഇതിന് പുറമെ നഗരത്തിലെ പ്രധാന റോഡുകളിൽ ആയിരത്തോളം ലൈറ്റുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും പ്രകാശിക്കാത്ത സ്ഥിതിയിലാണ്.
വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികളൊന്നും നഗരസഭ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തെത്തിയതെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്തത്തിൽ ഉൾപ്പെട്ടതാണ് വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതും റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്തുന്നതും. നഗരസഭ റോഡുകൾ കുണ്ടും കുഴിയുമായി കിടക്കുന്ന സ്ഥിതിയാണ്. പല മുനിസിപ്പൽ റോഡുകളിലൂടെയും വാഹന ഗതാഗതം അസാധ്യമായി.
എം.എൽ.എ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുകപോലും മാസങ്ങൾ കഴിഞ്ഞിട്ടും ടെൻഡർ ചെയ്ത് ചെലവഴിക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് നഗരസഭ. നഗര വികസനത്തിന് പുതിയ പദ്ധതികൾ തയാറാക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നൽകാനോ അനുമതി വാങ്ങാനോ കഴിയുന്നില്ല. മുനിസിപ്പൽ പാർക്കിലെ ലൈറ്റുകൾ നന്നാക്കി സന്ദർശകർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല.
കൗൺസിലിലെ മുഴുവൻ അംഗങ്ങളും പലതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഉപവാസ സമരം നടത്തുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക്, എം.എ. കരീം, സനു കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തകരാറുകൾ 20 ദിവസത്തിനകം പരിഹരിക്കാൻ നടപടി -ചെയർമാൻ
തൊടുപുഴ: വൈദ്യുതി ലൈറ്റുകളുടെ തകരാറുകൾ 20 ദിവസത്തിനകം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്. കരാറുകാർ വർക്ക് എടുക്കാൻ വിസമ്മതിച്ചാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം. പി.ഡബ്ല്യു.ഡി കൊടുക്കുന്ന എസ്റ്റിമേറ്റ് വെച്ച് മാത്രമേ വർക്ക് ടെൻഡർ ചെയ്യാൻ കഴിയൂ. 800 ലൈറ്റിന്റെ വർക്ക് പെരുമ്പാവൂരുള്ള കമ്പനി എടുത്തിരുന്നു. കരാർ നടപടികളിലേക്കെത്തിയപ്പോൾ അവർക്ക് ഇലക്ട്രിക്കൽ ലൈസന്സ് ഇല്ലെന്ന് കണ്ടെത്തി.
മുൻകാലങ്ങളിൽ ലൈറ്റുകൾ വില കൊടുത്ത് വാങ്ങിയാണ് സ്ഥാപിച്ചത്. അത് ഒഴിവാക്കാൻ കഴിയില്ല. അത് നന്നാക്കിയെടുക്കണം. അതിന്റേതായ കാലതാമസമുണ്ടായിട്ടുണ്ട്. നിലവിൽ 25 ശതമാനം ലൈറ്റുകൾ തകരാറിലായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.