ജാഗ്രതൈ! വാഹനം എപ്പോൾ വേണമെങ്കിലും കത്തിയമർന്നേക്കാം
text_fieldsതൊടുപുഴ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്ന സംഭവങ്ങൾ ജില്ലയിൽ പതിവാകുകയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നിരവധി അപകടങ്ങളാണ് ഈ വർഷം നടന്നത്. ജില്ലയിലെ വിവിധ അഗ്നിരക്ഷ യൂനിറ്റുകളുടെ പരിധിയിൽ ഈ വർഷം മാത്രം 20 ഓളം വാഹനത്തിന് തീപിടിച്ച സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
തൊടുപുഴ അഗ്നി രക്ഷ യൂനിറ്റിന് കീഴിൽ ഒമ്പത് വാഹനങ്ങളാണ് ഓട്ടത്തിനിടെ കത്തിയത്. നെടുങ്കണ്ടം മേഖലയിൽ നാല് കേസുകളും മൂലമറ്റത്ത് മൂന്ന് കേസുകളും അടിമാലിയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. 2017 ന് ശേഷം ഇതുവരെ കുട്ടിക്കാനത്തിന് സമീപം ഏഴ് വാഹനങ്ങളാണ് തീപിടിച്ചത്.
നെടുങ്കണ്ടം തേഡ്ക്യാമ്പിൽ 2023 ജൂൺ 18ന് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഉടമക്ക് പൊള്ളലേറ്റിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. കാർ ഡ്രൈവർ തേഡ്ക്യാമ്പ് എടാട്ട് വീട്ടിൽ ജയദേവനാണ് പൊള്ളലേറ്റത്. 2023 ഫെബ്രുവരി ആറിന് മറയൂർ ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതിപഠന ക്യാമ്പിന് വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. ബസിൽ 40 കുട്ടികളും നാല് അധ്യാപകരും ഉണ്ടായിരുന്നു. എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൂന്നാറിൽ 2023 ജനുവരി രണ്ടിന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം റേഞ്ച് ഓഫിസിനു സമീപം വിനോദസഞ്ചാരത്തിനെത്തിയ ആറംഗ സംഘം സഞ്ചരിച്ച കാർ പൂർണമായി കത്തിനശിച്ചു. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അനിൽ ഡിസൂസയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് കത്തിയതെന്നാണ് അഗ്നി രക്ഷാ സേന റിപ്പോർട്ട്. 2023 ജനുവരി രണ്ടിനാണ് കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ കുട്ടിക്കാനം മരിയൻ കോളജിനു സമീപം ഓട്ടത്തിനിടെ കാറിനു തീ പിടിച്ചത്. പുക ഉയരുന്നതു കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ വെളിയിലിറക്കിയതിനാൽ അപകടം ഒഴിവായി. തിരുവനന്തപുരം സ്വദേശികളായ കുടുംബമാണു വാഹനത്തിലുണ്ടായിരുന്നത്.
കാലപ്പഴക്കം, ശരിയായ അറ്റകുറ്റപ്പണിയുടെ അഭാവം തുടങ്ങിയവ ഫ്യുവല്‍ ലൈനില്‍ ചോർച്ച ക്കും അപകടത്തിനും കാരണമാകാമെന്നും മോട്ടോർ വാഹന വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളില്‍ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോര്‍ച്ച ഉണ്ടാകാം.
ഗ്രാമപ്രദേശങ്ങളിലും മരങ്ങള്‍ ധാരാളമായി വളര്‍ന്നു നില്ക്കുന്ന പ്രദേശങ്ങളിലും വനാതിര്‍ത്തിയിലും ചില പ്രത്യേക തരം വണ്ടുകള്‍ റബര്‍ കൊണ്ട് നിർമിച്ച ഇന്ധന ലൈനില്‍ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വാഹനത്തിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകളും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നുണ്ട്. കൂടുതല്‍ വോള്‍ട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആര്‍ഭാടങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ വയറിങ്ങാണ് ഉപയോഗിക്കാറെന്നത് വയര്‍ കരിയുന്നതിനും തീപിടിത്തത്തിനും ഇടയാക്കും.
വാഹന നിർമാതാക്കള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫ്യൂസുകള്‍ മാറ്റി കൂടുതല്‍ കപ്പാസിറ്റിയുള്ള ഫ്യൂസുകള്‍ ഘടിപ്പിക്കുന്നതും വയറുകളോ കമ്പിയോ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാധ്യത വർധിപ്പിക്കുന്നതായാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
തീ പിടിത്ത സാധ്യത ശ്രദ്ധയിൽപെട്ടാൽ ഉടൻ വാഹനം ഓഫാക്കണം. വാഹനത്തിൽ നിന്നും ഇറങ്ങി സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തംമൂലം ഉൽപാദിപ്പിക്കുന്ന വിഷമയമായ വായു ജീവന് അപകടത്തിലാക്കിയേക്കാമെന്നും അഗ്നിരക്ഷ സേന അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഓട്ടത്തിനിടെ ബൈക്ക് കത്തിനശിച്ചു
തൊടുപുഴ: ഓട്ടത്തിനിടയില്‍ തീ പിടിച്ച് ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ 10.30 ഓടെ തൊടുപുഴ കോലാനി പഞ്ചവടി പാലത്തിന് സമീപമാണ് സംഭവം. ഒളമറ്റം പാറയ്ക്കല്‍ യിന്സന് പാപ്പച്ചന്റെ കെഎല്‍-6 35 ജി 9936 നമ്പര്‍ ബൈക്കാണ് കത്തിയത്. രാവിലെ തൊടുപുഴയിലേക്ക് വരുകയായിരുന്നു യിംസണ്‍.
വാഹനത്തിന്റെ എന്ജിന് ഭാഗത്ത് നിന്നും ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയിറങ്ങിയപ്പോള്‍ തീ കത്തുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നും വെള്ളം വാങ്ങി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ ടാങ്കിലേക്കും പടര്‍ന്ന് ആളിക്കത്തി. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.