ബസ് ഓടിക്കാൻ ഡ്രൈവർമാരില്ല; തളർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fieldsതൊടുപുഴ: ഡ്രൈവർമാരുടെ കുറവ് കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നു. നിലവിലുള്ള സർവിസുകൾ പോലും മുടക്കംകൂടാതെ ഓടിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. ഡിപ്പോയിൽ നിന്ന് ദിവസവും മൂന്നും നാലും സർവിസുകൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്.
27 ഡ്രൈവർമാരുടെ കുറവാണ് തൊടുപുഴ ഡിപ്പോയിലുള്ളത്. ആവശ്യത്തിന് ബസുകളുണ്ടെങ്കിലും വേണ്ടത്ര ഡ്രൈവർമാരില്ലാത്തതിനാൽ സർവിസ് മുടങ്ങുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പല ഡ്രൈവർമാരും അവധി പോലുമെടുക്കാതെ തുടർച്ചയായി ജോലിക്ക് എത്തുന്നതിനാലാണ് സർവിസുകൾ ഇത്രയെങ്കിലും മുടക്കം കൂടാതെ പോകുന്നത്. അശാസ്ത്രീയമായ സ്ഥലംമാറ്റമാണ് ഡ്രൈവർമാരുടെ കുറവിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ ഏതാനും ഡ്രൈവർമാരെ അടുത്ത നാളിൽ സസ്പെൻഡ് ചെയ്തു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ഒരു ഡ്രൈവർ വന്നില്ലെങ്കിൽ പകരം നിയോഗിക്കാൻ ആളില്ലാത്തതാണ് പല സർവിസുകളും മുടങ്ങാൻ കാരണം.
ഡ്രൈവർമാരില്ലാത്തതിനാൽ നല്ല കലക്ഷൻ ലഭിക്കുന്ന എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവിസും വൈക്കം, ചേലച്ചുവട് റൂട്ടുകളിലെ ഓർഡിനറി ബസുകളും പതിവായി മുടങ്ങുകയാണ്. നാലു ബസുകൾ മുടങ്ങുന്നത് വഴി ദിവസം 60,000 രൂപയുടെ നഷ്ടമുണ്ട്. പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉദ്ഘാടനം ചെയ്ത് രണ്ടു വർഷം കഴിഞ്ഞിട്ടും ഇവിടേക്ക് പുതിയ ബസുകൾ എത്തിക്കുന്നതിനോ നിലവിലുണ്ടായിരുന്ന ഗ്രാമീണ സർവിസുകൾ പുനഃരാരംഭിക്കുന്നതിനോ ഒരു നടപടിയും ഉണ്ടാകുന്നില്ല.
പുതിയ ഡിപ്പോ ഉദ്ഘാടന വേളയിൽ ജനപ്രതിനിധികളുടെ ആവശ്യ പ്രകാരം പഴയ ഓർഡിനറി ബസുകളും ദീർഘദൂര സർവിസുകളും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചതാണ്. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.