മൂന്നാര്‍ ഉൾപ്പെട്ട 13 ഗ്രാമപഞ്ചായത്തില്‍ പുതിയ നിർമാണ നിയന്ത്രണമില്ല; ആക്ഷേപങ്ങള്‍ പരിശോധിക്കാൻ ഇടുക്കി ജില്ലതല സമിതി
text_fieldsതൊടുപുഴ: ജില്ലയിലെ മൂന്നാര്‍ ഉൾപ്പെട്ട 13 ഗ്രാമപഞ്ചായത്തിൽ ജില്ല ദുരന്തനിവാരണ അതോറിറ്റി പുതുതായി നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കലക്ടർ ഷീബ ജോർജ്. ഇതുസംബന്ധിച്ച ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു കലക്ടർ. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് മാത്രമേ ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കൂവെന്നും കലക്ടർ പറഞ്ഞു. വയനാട് ജില്ലയിലെ ദുരന്തസാധ്യത മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുപോലെ ഇടുക്കിയിലും നടപടി സ്വീകരിക്കണമെന്ന ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതുജന സുരക്ഷ ഉറപ്പുവരുത്താനും മേഖലയിലെ ജനങ്ങൾക്ക് പരമാവധി സഹായകരവുമായ രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വിഷയത്തിലുള്ള ആക്ഷേപങ്ങൾ പരിശോധിക്കാൻ ജില്ലയിൽ രൂപവത്കരിക്കുന്ന ജില്ലതല സമിതിയെ സമീപിക്കാം.
ജില്ലയിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ച് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം സ്വരൂപിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ജില്ലയിലെ ഭൂപ്രദേശങ്ങളെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തസാധ്യതയുടെ തീവ്രത അനുസരിച്ച് റെഡ്, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. ഹൈകോടതി ഉത്തരവിൽ പരാമർശിച്ചിട്ടുള്ള മൂന്നാർ, വെള്ളത്തൂവൽ, പള്ളിവാസൽ, ദേവികുളം, ചിന്നക്കനാൽ, ബൈസൺവാലി, ശാന്തൻപാറ, ഉടുമ്പൻചോല, മാങ്കുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട എന്നീ 13 ഗ്രാമപഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ പ്രദേശത്തെ റെഡ് സോണിൽപെടുന്ന പ്രദേശങ്ങളിൽ ഒരുനില കെട്ടിടം നിർമിക്കാം. മറ്റു സ്ഥലങ്ങളിൽ താമസയോഗ്യമായ സ്ഥലങ്ങൾ ഇല്ലാത്തവർക്കും സർക്കാർ ധനസഹായത്തോടെ ഭവന നിർമാണം നടത്തുന്ന ലൈഫ് ഉൾപ്പെടെയുള്ള പദ്ധതികളിലെ ഗുണഭോക്താക്കൾക്കും ഉപകാരപ്രദമാകാനാണ് റെഡ് സോണിൽപോലും നിർമാണാനുമതി നൽകിയിട്ടുള്ളത്.
13 ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളിലും ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നു നിലകളിൽ അധികമുള്ള കെട്ടിടങ്ങൾക്ക് നിലവിൽതന്നെ നിർമാണ നിരോധനം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.