സി.പി.എമ്മിന് ഇടുക്കിയുടെ കരുത്തായി ഇവർ
text_fieldsതൊടുപുഴ: 2012ൽ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി വിവാദ 'വൺ ടു ത്രീ' പ്രസംഗത്തെത്തുടർന്ന് അറസ്റ്റിലായപ്പോൾ ഒരു വർഷത്തേക്ക് സെക്രട്ടറിയുടെ ചുമതല കെ.കെ. ജയചന്ദ്രനായിരുന്നു. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് എം.എം. മണിയെ ഒഴിവാക്കുമ്പോൾ പകരക്കാരനായി എത്തുന്നത് അതേ ജയചന്ദ്രൻ തന്നെ.
സി.പി.എം സംസ്ഥാന നേതൃത്വത്തിന് കരുത്താകാൻ ജയചന്ദ്രൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് ജില്ലയിൽനിന്ന് നിയോഗം. സംസ്ഥാന സമിതിയിലെ പുതുമുഖമായ നിലവിലെ ജില്ല സെക്രട്ടറി സി.വി. വർഗീസും നിലവിലെ സംസ്ഥാന സമിതിയംഗം കെ.പി. മേരിയുമാണ് മറ്റ് രണ്ടുപേർ.
വെള്ളത്തൂവൽ കുന്നത്ത് കൃഷ്ണൻ- ജാനകി ദമ്പതികളുടെ മകനാണ് 70കാരനായ ജയചന്ദ്രൻ. കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയ ഇദ്ദേഹം 1970ൽ സി.പി.എം അംഗമായി. 1982ൽ ജില്ല കമ്മിറ്റിയംഗവും തുടർന്ന് ജില്ല സെക്രട്ടേറിയറ്റംഗവും.
1989- 95 കാലയളവിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറിയായിരുന്നു. 1995ലാണ് ആദ്യമായി ജില്ല സെക്രട്ടറി സ്ഥാനത്തെത്തുന്നത്. 2015ലെ മൂന്നാർ സമ്മേളനത്തിലും 2018ലെ കട്ടപ്പന സമ്മേളനത്തിലും ജില്ല സെക്രട്ടറിയായി. 2001മുതൽ തുടർച്ചയായി മൂന്ന് തവണ നിയമസഭയിൽ ഉടുമ്പൻചോലയുടെ പ്രതിനിധിയായി. സെറിഫെഡ് ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. കുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കൾ: നീതു, അനന്തു. മരുമക്കൾ: ഗിരീഷ്, നമിത.
കുടിയേറ്റ കർഷകത്തൊഴിലാളിയായ തങ്കമണി ചെള്ളക്കുഴിയിൽ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സി.വി. എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന സി.വി. വർഗീസ്. കോട്ടയം ജില്ലയിലെ പെരുമ്പനച്ചിയിൽനിന്ന് കട്ടപ്പനയിലേക്ക് കുടിയേറി പിന്നീട് തങ്കമണിയിൽ സ്ഥിരതാമസമാക്കിയതാണ് വർഗീസിന്റെ കുടുംബം.
1981ൽ തങ്കമണി ലോക്കൽ സെക്രട്ടറിയും 1984ൽ ഇടുക്കി ഏരിയ കമ്മിറ്റിയംഗവും 1997ൽ ഏരിയ സെക്രട്ടറിയുമായി. കർഷകപ്രക്ഷോഭങ്ങൾ ഉൾപ്പെടെ സമരങ്ങളിൽ നിരവധി തവണ പൊലീസ് മർദനം ഏറ്റുവാങ്ങി. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ. മരുമകൻ: സജിത്. കെ.പി. മേരി മൂന്നാം തവണയാണ് സംസ്ഥാന സമിതിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.