തൊടുപുഴ-എറണാകുളം കെ.എസ്.ആർ.ടി.സി സർവിസ്: പ്രതിഷേധം ഫലം കണ്ടു; ബസുകൾ എറണാകുളം ഡിപ്പോയിലെത്തും
text_fieldsതൊടുപുഴ: തൊടുപുഴ-എറണാകുളം റൂട്ടിലോടുന്ന ബസുകളിൽ പലതും വൈറ്റിലയിൽ സർവിസ് നിർത്തി തിരിച്ചുപോകുന്നത് അവസാനിപ്പിക്കാൻ ഇടപെടൽ. തൊടുപുഴ ഡിപ്പോയിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസുകൾ പലതും വൈറ്റില മൊബിലിറ്റി ഹബിൽ സർവിസ് നിർത്തി തിരിച്ചുപോകുന്നത് യാത്രക്കാരുടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ തൊടുപുഴ അസി. ട്രാൻസ്പോർട്ട് ഓഫിസർക്ക് നിർദേശം നൽകിയത്. വിഷയത്തിൽ തൊടുപുഴ ഡിപ്പോ അധികൃതരോട് വിശദീകരണവും തേടി.
വൈറ്റിലക്ക് ബോർഡുവെച്ച് സർവിസ്; വലഞ്ഞ് യാത്രക്കാർ
തിരക്ക് കുറഞ്ഞ സമയങ്ങളിലടക്കം തൊടുപുഴ-എറണാകുളം റൂട്ടിൽ പല ബസുകളും വൈറ്റില ബോർഡുവെച്ച് സർവിസ് നടത്തുന്ന സാഹചര്യമാണുണ്ടായിരുന്നത്. എറണാകുളത്തേക്ക് പോകാൻ എത്തുന്നവർ ഈ സമയങ്ങളിൽ വൈറ്റില ബസിൽ പോകേണ്ട സാഹചര്യം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. യാത്രക്കാർ കുറവാണെന്ന കാരണമാണ് അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നത്. യാത്രക്കാരാകട്ടെ വൈറ്റിലയിൽ ഇറങ്ങി മറ്റ് ബസുകളിൽ കയറിയാണ് എറണാകുളത്തേക്ക് പോയിരുന്നത്. മാത്രമല്ല ഈ ബസുകൾ വൈറ്റില ഹബിൽ എത്തി മടങ്ങുന്നതിനാൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് തൊടുപുഴക്ക് മണിക്കൂറുകൾ ബസ് കാത്തുനിൽക്കേണ്ട സാഹചര്യവും യാത്രക്കാരിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 5.30ന് ശേഷം എറണാകുളത്തുനിന്ന് മൂവാറ്റുപുഴവഴി തൊടുപുഴവഴി ബസുകളെത്താതിരുന്നത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. മണിക്കൂറുകളോളം ബസ് എത്താതിരുന്നതോടെ വൈകീട്ട് ഏഴരയോടെ തൊടുപുഴക്ക് ബസ് കാത്തുനിന്ന യാത്രക്കാർ സംഘടിച്ചെത്തി സ്റ്റേഷൻ മാസ്റ്ററെ ഉപരോധിക്കുകയായിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഉച്ച മുതൽ ബസുകൾ വൈറ്റിലെത്തി മടങ്ങുന്നതാണ് വൈകുന്നേരങ്ങളിൽ എറണാകുളത്തുനിന്ന് ബസുകൾ സമയത്തിന് കിട്ടാത്തതെന്നാണ് യാത്രക്കാരുടെ ആരോപണം.
എട്ട് മണിയോടെ തൊടുപുഴയിൽനിന്ന് ഒരു ബസ് എത്തിയാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടായത്. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന റൂട്ടായതിനാൽ വലിയ യാത്രക്ലേശമാണ് യാത്രക്കാർ നേരിട്ടത്. വിഷയത്തിൽ നടപടി സ്വീകരിച്ചതായും ബസുകൾ വൈറ്റിലയിൽ ട്രിപ് അവസാനിപ്പിക്കാതെ എറണാകുളം ഡിപ്പോയിലെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും തൊടുപുഴ കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.