തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ അവഗണനയിൽ; ഓണത്തിനും ഉണ്ടാകില്ല, പുതിയ ബസുകൾ
text_fieldsതൊടുപുഴ: തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് വകുപ്പിന് അവഗണന. ബസ് തകരാറിലായാൽ പകരം അയക്കാനില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സ്പെയർ ബസ് ഇല്ലാത്തതിനാൽ സർവിസ് മുടങ്ങുന്ന സ്ഥിതിയുമുണ്ട്.
പുതിയവ അനുവദിക്കുന്നതിൽ തഴയപ്പെടുന്നതാണ് മുഖ്യപ്രശ്നം. തൊടുപുഴ ഡിപ്പോയിൽ നിലവിൽ 54 ബസും 47 സർവീസുമാണുള്ളത്. മിക്ക ദിവസവും ഏഴ് ബസ് കേടാണ്. കാലപ്പഴക്കമോ അപകടം മൂലമോ തകരാറോ തുടങ്ങി വ്യത്യസ്ത കാരണങ്ങളാൽ സർവിസ് അയക്കാൻ ബുദ്ധിമുട്ട് വരാറുണ്ട്.
ഒന്നുകേടായാൽ നിലവിലെ ഏതെങ്കിലും റൂട്ടിൽ സർവിസ് മുടങ്ങുന്ന സ്ഥിതിയാണ്. പകരം നൽകാൻ പോലുമില്ലാത്തതാണ് ഡിപ്പോ അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നത്. പുതിയ ഡിപ്പോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിലെ ബൈപാസുകളെയും നഗരസഭ റോഡുകളെയും ബന്ധിപ്പിച്ച് സിറ്റി സർവിസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനായി ഏതാനും കട്ട് ഷാസി ബസുകൾ അനുവദിക്കാമെന്നും മന്ത്രി ഉൾപ്പെടെ പറഞ്ഞു. ഇക്കാര്യത്തിൽ ഒരുനടപടിയും ഉണ്ടായില്ല.
ഓണത്തിന് മുമ്പ് തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതിയ ബസുകൾ അനുവദിക്കുമെന്ന വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങിയ സ്ഥിതിയാണ്. ഓണത്തോടനുബന്ധിച്ച് ഗ്രാമീണ സർവിസുകൾ ഉൾപ്പെടെ ആരംഭിക്കാൻ ലക്ഷ്യമിട്ട ഡിപ്പോയിലേക്ക് ഒന്നുപോലും ലഭിക്കില്ലെന്നാണ് വിവരം.
പുതുതായി ഗ്രാമീണ സർവിസുകളെ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി സംസ്ഥാനത്ത് പുതിയ ബസുകൾ ഇറക്കിയപ്പോഴും തൊടുപുഴക്ക് ഒന്നും ലഭിച്ചില്ല. ചില ഭരണകക്ഷി എം.എൽ.എമാരുടെ മണ്ഡലത്തിലെ ഡിപ്പോകളിലേക്ക് ബസ് അനുവദിച്ചെങ്കിലും പ്രതിപക്ഷ എം.എൽ.എ പ്രതിനിധാനം ചെയ്യുന്ന തൊടുപുഴ തഴയപ്പെടുകയായിരുന്നു.
ഇനി ഓണത്തിനു മുമ്പ് ബസ് കിട്ടാൻ ഇടയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. തൊടുപുഴയിൽ നിലവിലുള്ള സർവിസുകൾ മുടങ്ങാതെ ഓടിക്കാനും ഗ്രാമീണ സർവിസുകൾ പുനരാരംഭിക്കാനുമായി ഏതാനും ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർക്ക് എം.എൽ.എ അടക്കം കത്ത് നൽകിയിരുന്നു. എന്നാൽ, മാസങ്ങളായിട്ടും നടപടിയില്ല.
അതിനിടെയാണ് ഓണത്തോടനുബന്ധിച്ച് ഏതാനും പുതിയ ബസുകൾ അനുവദിക്കാമെന്ന് അറിയിപ്പ് വന്നത്. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് തൊടുപുഴയിൽ നടത്തിയ ജനകീയ സദസ്സിൽ ജനപ്രതിനിധികളും സംഘടന ഭാരവാഹികളും ഉൾപ്പെടെ സിറ്റി സർവിസ്, ഗ്രാമീണ റൂട്ടുകളിലേക്കുള്ള സർവിസുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ആവശ്യമായവ അനുവദിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ അവഗണന ഉണ്ടാകുന്നതായാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.